ന്യൂഡൽഹി: ശ്രീ ഗുരുഗ്രന്ഥ് സാഹിബിന്റെ പ്രകാശ് പർവ്വിനോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുരുഗ്രന്ഥ് സാഹിബ് പകർന്നുതരുന്ന പാഠം സമാധാനത്തിന്റേതും ഐക്യത്തിന്റേതുമാണെന്നും അത് മികച്ച സമൂഹമായി നമ്മെ പാകപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. മാനവികതയുടെ മൂല്യങ്ങൾ ലോകത്തിന് പകരുന്നതാണ് ഗുരുഗ്രന്ഥ്സാഹിബിലെ സന്ദേശങ്ങളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘ശ്രീ ഗുരുഗ്രന്ഥ് സാഹിബ് ഐക്യത്തെയും സമർപ്പണത്തെയും കുറിച്ച് പഠിപ്പിച്ചു. ഈ പാഠങ്ങൾ ലോകമെമ്പാടും സമാധാനം പകരുകയും ഇതിലൂടെ ഒരു മികച്ച സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു’ അമിത് ഷാ ട്വീറ്റ് ചെയ്തു.
ഗുരുഗ്രന്ഥ് സാഹിബിന്റെ പ്രകാശ് പർവ് ദിവസത്തിൽ സിഖ് സമൂഹം ഗുരുഗ്രന്ഥ് സാഹിബിനെ അനുസ്മരിക്കുകയും ഗ്രന്ഥത്തിൽ പരമാർശിച്ചിരിക്കുന്ന പാത പിന്തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യും. ഈ ദിനത്തിൽ രാജ്യത്തുടനീളമുള്ള ഗുരുദ്വാരകൾ മനോഹരമായ വിളക്കുകളാലും അലങ്കാരങ്ങൾ കൊണ്ടും അലങ്കരിക്കും.
സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ് ഗുരുഗ്രന്ഥ് സാഹിബ്. ഈ ഗ്രന്ഥത്തിൽ 1430 ഓളം പദ്യങ്ങൾ ഉണ്ട്. 1666-1708 കാലയളവിൽ ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ പത്താമനായ ഗുരു ഗോവിന്ദ് സിംഗ് ഈ പുസ്തകത്തെ വിശുദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചു. 1706-ൽ ആയിരുന്നു ഈ പ്രഖ്യാപനം.
Comments