ബെംഗളൂരു: ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്‌ക്കായി പദ്ധതികൾ നടപ്പാക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ജനറൽ സെക്രട്ടറി ദടക് സെറി വിൻഡ്‌സർ ജോൺ. ഫിഫയുടെ സഹായത്തോടെയാണ് ഫുട്‌ബോളിന്റെ വളർച്ചക്കുളള പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പരിശീലകരുണ്ടെങ്കിൽ മാത്രമേ മികച്ച താരങ്ങളെ സൃഷ്ടിക്കാനാകൂ. ചെറുപ്പത്തിലെ കുഞ്ഞുങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞ് മതിയായ പരിശീലനം നൽകാനാണ് ശ്രമം. താഴേക്കിടയിലുള്ള ഫുട്ബാളിന്റെ വളർച്ച, ഫുട്‌ബോളിലെ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും. അന്താരാഷ്‌ട്ര ടീമുകളെ ഇന്ത്യയിൽ എത്തിച്ച് താരങ്ങൾക്ക് മികച്ച അനുഭവം നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങളെ കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ടീമുകളിലേക്ക് പരിഗണിക്കുക. രാജ്യത്തുനിന്ന് കൂടുതൽ ഫിഫ റഫറിമാരെ വളർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ദടക് സെറി കൂട്ടിച്ചേർത്തു.















