നൃത്തമോ അഭിനയമോ കലയുമായി ബന്ധപ്പെട്ട മറ്റ് ഏത് മേഖലയും ആകട്ടെ അവിടേക്ക് കടന്നുവരാന്‍ ഇന്ന് ഒരു പരിധിവരെ മുസ്ലീം യുവതികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വഴിതെളിച്ചത് വഹീദ റഹ്‌മാന്‍ എന്ന കലാകാരിയുടെ നിശ്ചയദാര്‍ഢ്യമാണ്. അവരുടെ വര്‍ഷങ്ങള്‍ നീളുന്ന കലസപര്യ ഏതൊരു സത്രീക്കും പ്രചോദനമാണ്. തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഇതിഹാസ കലാകാരിയെ തേടിയെത്താത്ത പുരസ്‌കാരങ്ങള്‍ വിരളമാണെന്ന് പറയേണ്ടിവരും.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ ഇതിഹാസ കലാകാരി നേരിട്ടത് സമാനതകളില്ലാത്ത വിലക്കുകളും നിറയെ കുത്തുവാക്കുകളുമാണ്. പ്രായം തികയും മുന്‍പ് മതിയായ വിദ്യാഭ്യാസം പോലും നല്‍കാതെ വിവാഹം കഴിപ്പിച്ച് നല്‍കുന്ന കാലത്താണ് അവര്‍ വിലക്കുകളെ ഭേദിച്ച് കലാ ലോകത്തേക്ക് ചുവട് വച്ചത്. പിന്തിരിപ്പന്‍ നിലപാടുകള്‍ സമുദായത്തില്‍ നിന്ന് അനവധി തവണയുണ്ടായെങ്കിലും അവര്‍ ഒരു ചുവട് പോലും പിന്നോട്ട് പോയില്ല.
താന്‍ ഭരതനാട്യത്തിലേക്കും അഭിനയത്തിലേക്കും ചുവട് വയ്‌ക്കുന്ന നാളുകളില്‍ നേരിടേണ്ടിവന്ന വിലക്കുകളെക്കുറിച്ചും സമുദായത്തിലെ പുഴുക്കുത്തുകളെക്കുറിച്ചും വഹീദ റഹ്‌മാന്‍ പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിട്ടുണ്ട്. ട്വിങ്കിള്‍ ഖന്നയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അതിനെക്കുറിച്ച് ഏറ്റവുമധികം വാചാലയായത്.
”അന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ഭരതനാട്യം പഠിക്കുന്നത് അത്ര സാധാരണമല്ല. പക്ഷേ എന്റെ മാതാപിതാക്കള്‍ വിശാലചിന്താഗതിയുള്ളവരായിരുന്നു. പിതാവ് ഒരു ഐഎഎസ് ഓഫീസര്‍ ആയിരുന്നു. ഡാന്‍സ് പഠിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ”തീര്‍ച്ചയായും പഠിക്കൂ മകളേ,” എന്നദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ‘ഇതെന്താണ് റഹ്‌മാന്‍ സാര്‍, മുസ്ലീം പെണ്‍കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും സിനിമയില്‍ അഭിനയിപ്പിക്കുകയുമൊക്കെ ചെയ്താല്‍ വിവാഹം നടക്കുമോ എന്ന് വിമര്‍ശിച്ചു. ഭൂമിയിലെ ഒരു ജോലിയും മോശപ്പെട്ടതല്ല, മനുഷ്യരാണ് ചീത്തയാകുന്നത്,’ എന്നായിരുന്നു അദ്ദേഹം അവര്‍ക്ക് മറുപടി നല്‍കിയത്,” വഹീദ പറയുന്നു.
ആദ്യചിത്രത്തില്‍ ഒരു ഐറ്റം നമ്പറില്‍ നര്‍ത്തകിയായി പ്രത്യക്ഷപ്പെട്ട വഹീദ റഹ്‌മാന്‍ പിന്നീട് ബോളിവുഡിന്റെ സ്വപ്നനായികമാരില്‍ ഒരാളായി മാറി. 1955ല്‍ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തില്‍ ഡാന്‍സ് നമ്പര്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു വഹീദയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം സിഐഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. പ്യാസ, കാഗസ് കാ ഫൂല്‍, ചൗദഹ് വിന്‍ കാ ചാങ്, സാഹിബ് ബീബി ഔര്‍ ഗുലാം, ഗൈഡ്, റാം ഔര്‍ ശ്യാം, നീല്‍ കമല്‍, ഖാമോശീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി നിറഞ്ഞുനിന്നു. അഭിനയത്തില്‍ നിന്നും ഒരിടവേള എടുത്ത വഹീദ 2002ല്‍ ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരികെയെത്തിയത്.
1974 ഏപ്രില്‍ 27 ന് വഹീദ തന്റെ സഹപ്രവര്‍ത്തകനായ കമല്‍ജീത്തിനെ (ശശി രേഖി) വിവാഹം ചെയ്തു. ഷാഗൂണ്‍ (1964) എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. വിവാഹശേഷം വഹീദ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. സൊഹൈല്‍ രേഖി, കാശ്വി രേഖി എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍, 2000ല്‍ ഭര്‍ത്താവ് മരിച്ചതോടെ, ബാംഗ്ലൂരില്‍ നിന്നും മുംബൈ ബാന്ദ്രയിലെ ബംഗ്ലാവിലേക്ക് വഹീദ താമസം മാറി. 1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2011ല്‍ പത്മഭൂഷണും വഹീദയെ തേടിയെത്തി.