കൊല്ലം: വീടിന് തീയിട്ടതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. കുട്ടിക്കാട് സ്വദേശി അശോകനാണ് തൂങ്ങി മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അശോകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അശോകന് ഒരു മകളാണ് ഉള്ളത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇയാളുടെ മകൾ പ്രണയിച്ചയാൾക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. കഴിഞ്ഞ വർഷം ഭർത്താവിനോട് പിണങ്ങി മകൾ തിരിച്ചെത്തി. എന്നാൽ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് വിളിപ്പിക്കുകയും ദമ്പതികൾ തമ്മിലുള്ള പ്രശ്നം ഒപ്പുതീർപ്പാക്കുകയും ചെയ്തു.
മകൾ വീണ്ടും ഭർത്താവിനൊപ്പം പോയതിൽ അശോകൻ മനോവിഷമം നേരിട്ടിരുന്നു. തിരികെ പോകുന്നതിന് മകളെ സഹായിച്ചുവെന്ന് ആരോപിച്ച് ഭാര്യയേയും ഇയാൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു. പിന്നാലെ വീടിന് തീ കൊളുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. സംഭവ സമയത്ത് അശോകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.