ഇറ്റാനഗർ: അരുണാചലിൽ രണ്ട് നിരോധിത തീവ്രവാദ സംഘടനയായ ഉൾഫ(ഐ) ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. അസം റൈഫിൾസിലെ ഖോൻസ ബറ്റാലിയന്റെയും അരുണാചൽ പ്രദേശ് പോലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൊൻജിത് ഗൊഗോയ്, ഉപേൻ അസോം എന്നിവരാണ് അറസ്റ്റിലായത്.
ഇന്തോ-മ്യാൻമർ അതിർത്തി കടന്ന് അസമിലേക്ക് കടക്കാൻ ശ്രമിച്ച ഭീകരരെ അരുണാചൽ പ്രദേശിലെ തിരാപ് ജില്ലയിൽ നിന്നുമാണ് പിടികൂടുന്നത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. അസം സ്വദേശികളായ ഇരുവരും കഴിഞ്ഞ വർഷമാണ് സംഘടനയിൽ റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് സുരക്ഷാ സേന പറഞ്ഞു.
ഈ വർഷം മാത്രം അരുണാചൽ പ്രദേശിന്റെ തെക്കൻ പ്രദേശങ്ങളിൽ ഉൾഫ(ഐ) പ്രവർത്തകരുടെ നിരവധി അറസ്റ്റുകളും കീഴടങ്ങലുകളും ഉണ്ടായിട്ടുണ്ട്. ഇത് നിരോധിത സംഘടന ഉൾഫയുടെ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി. കടന്നുകയറ്റം തടയാനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.