ടെൽഅവീവ്: ലോകത്തിനെതിരെ നിൽക്കേണ്ടി വന്നാലും ഹമാസിനെ ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആഗോളതലത്തിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് നെതന്യാഹു രംഗത്തെത്തിയത്.
ലോകത്തിന് വേണ്ടി ജയിക്കണം. ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് ഹമാസാണ് തടയുന്നത്. ആശുപത്രികളിലും സ്‌കൂളുകളിലും യുഎൻആർഡബ്ല്യുഎയിലും ആക്രമണം നടത്തുന്നത് ഹമാസ് ഭീകരരാണ്. ജനങ്ങൾക്ക് ദോഷം വരുത്തുന്നതിന്റെ ഉത്തരവാദികളും അവർ തന്നെയാണ്. ഞങ്ങളുടെ പൗരന്മാരെ കൊല്ലാനുള്ള ലൈസൻസ് ഹമാസിന് ഞങ്ങൾ നൽകിയിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ഹമാസിനും ഇസ്ലാമിക് സ്റ്റേറ്റിനുമെതിരെ മുഴുവൻ ശക്തിയുമെടുത്ത് യുദ്ധം ചെയ്യുമെന്നും ഹമാസിന്റെ പൂർണമായ പതനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയവരെ പൂർണമായും മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ പോസ്റ്റിലേക്ക് ഇസ്രായേൽ ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ദിവസം അവർ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമായാണ് ആക്രമിച്ചതെന്ന് സേന വ്യക്തമാക്കി.
ഗാസയിലെ സാധരണക്കാര സംരക്ഷിക്കുന്നതിനും സഹായം എത്തിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഹമാസ് ഭീകരർ ബന്ദികളാക്കിയ നൂറുകണക്കിന് ആളുകളെ തിരികെ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് യുഎസ് പിന്തുണ അറിയിച്ചിട്ടുണ്ട്.















