സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് ചൈനയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാർ സൗകര്യം ഉള്ളതും ഇല്ലാത്തതുമായ രണ്ട് വേർഷനുകളാണുള്ളത്. എസ് യു 7, എസ് യു 7 പ്രോ, എസ് യു7 മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ കമ്പനി അവതരിപ്പിച്ചു.
ആർ ഡബ്ല്യൂഡി, എ ഡബ്ല്യൂഡി എന്നിങ്ങനെയുള്ള രണ്ട് പവർ ഓപ്ഷനുകളും വാഹനത്തിന് നൽകിയിട്ടുണ്ട്. റിയർ ആക്സലിൽ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ആർ ഡബ്ല്യൂഡി വേർഷൻ എത്തുന്നത്. ഇതിന് ബിഎച്ച്പി ഉണ്ട്. എ ഡബ്ല്യൂഡി വേർഷനിൽ 663 ബിഎച്ച്പി ശക്തിയാണ് ഉള്ളത്. വില കുറഞ്ഞ വേരിയന്റുകളിൽ ബിവൈഡിയുടെ എൽഎഫ്പി ബാറ്ററി പാക്ക് ആണുള്ളത്.
വലിയ ബാറ്ററി ഇതിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ തന്നെ ഷവോമി എസ് യു7-ന്റെ ബേസ് മോഡലിന് 1980 കിലോഗ്രാം ഭാരമാണ് ഉള്ളത്. ടോപ്പ് വേരിയന്റിന് 2025 കിലോഗ്രാം ഭാരമുണ്ട്. ബേസ് മോഡലുകൾക്ക് മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. ഉയർന്ന വേരിയന്റുകളിൽ മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. ഡിസംബറോടെ കാറുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും 2024 ഫെബ്രുവരിയിൽ വാഹനം വിപണിയിലെത്തുമെന്നും ഷവോമി അറിയിച്ചു.