പാരീസ്: യുഎഇയിൽ നിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനം തടഞ്ഞ് ഫ്രാൻസ്. വിമാനത്തിലുണ്ടായിരുന്ന മൂന്നിറിലധികം യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന സംശയത്തെ തുടർന്നാണ് നടപടി. പാരീസിലെ വാട്രി എയർപോർട്ടിലാണ് വിമാനം ലാൻഡ് ചെയ്തിരുന്നത്. വിമാനത്തിലുള്ള 303 പേരിൽ ഭൂരിഭാഗം ആളുകളും ഇന്ത്യക്കാരാണ്.
മനുഷ്യക്കടത്താണെന്ന അജ്ഞാത സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. ഫ്രാൻസിന്റെ ആന്റി-ഓർഗനൈസ്ഡ് ക്രൈം യൂണിറ്റായ JUNALCO സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ എ340 വിമാനമാണ് തടഞ്ഞുവച്ചിരിക്കുന്നത്. ദുബായിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. സാഹചര്യം വിലയിരുത്തുകയാണെന്ന് ഫ്രാൻസിലെ ഇന്ത്യൻ എംബസിയും അറിയിച്ചു. നിലവിൽ വാട്രി എയർപോർട്ട് റിസപ്ഷനിലാണ് തടഞ്ഞുവയ്ക്കപ്പെട്ട യാത്രക്കാരുള്ളത്.