ന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം നടന്നുവെന്ന് പറയപ്പെടുന്ന ‘സ്‌ഫോടന’വുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് എൻഐഎ. ചാണക്യപുരയിലെ എപിജെ അബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പൊട്ടിത്തെറി നടന്നുവെന്നാണ് അജ്ഞാതർ വിളിച്ചറിയിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് എൻഐഎ വിശദാംശങ്ങൾ തേടുന്നത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘവും ഡോഗ് സ്‌ക്വാഡും എൻഐഎ ഉദ്യോഗസ്ഥരും ഇന്ന് എംബസിയിലും പരിസരത്തും പരിശോധന നടത്തിയിരുന്നു.
അതേസമയം, പ്രദേശത്തെ സിസിടിവി ദൃശങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് യുവാക്കൾ സംശയത്തിന്റെ നിഴലിലാണെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ യുവാക്കൾക്ക് കേസുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. കേസിലെ ഇവരുടെ പങ്ക് തെളിയിക്കുന്നതിനായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഡൽഹിയിലെ ഇസ്രായേൽ അംബാസിഡർക്ക് സ്‌ഫോടനം നടന്നെന്ന പേരിൽ അജ്ഞാതർ അയച്ച കത്തും പോലീസ് കണ്ടെടുത്തു. ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. സർ അള്ളാ റെസിസ്റ്റൻസ് എന്ന് കത്തിൽ എഴുതിയിട്ടുള്ളതായും പോലീസ് അറിയിച്ചു. കത്തും പോലീസ് പരിശോധിക്കുന്നുണ്ട്.















