തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും അന്താരാഷ്ട്ര ബന്ധങ്ങളിൽ കരുത്താർജിക്കുകയും ചെയ്തെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്തെ സാധാരണ പൗരന്മാർക്ക് വേണ്ടിയുള്ള യാത്രയാണിത്. മലയാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ ശരിയായ രീതിയിൽ എത്തുന്നുണ്ടോയെന്ന് അറിയാനാണ് ഈ യാത്ര. പ്രതിഷേധക്കാരെ അടിച്ചോടിച്ചും ജനങ്ങളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുകയും ചെയ്യുന്ന യാത്രയല്ലയിത്.
രാഷ്ട്രീയത്തിന് അതീതമായി ജനക്ഷേമത്തിന് മുൻഗണന നൽകുന്നവരാണ് ഈ യാത്രയിൽ പങ്കെടുക്കുന്നത്. വികസന വിഷയങ്ങളിൽ രാഷ്ട്രീയം കാണരുത്.രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ജനപക്ഷ പരിപാടിയാണ് നടക്കുന്നത്. സർക്കാർ പദ്ധതികൾ ആർക്കെങ്കിലും നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് അറിയാനും പരിഹരിക്കാനുമാണ് ഈ യാത്ര. നിരവധി ജനകീയ പദ്ധതികളെ കുറിച്ച് ജനങ്ങളോട് ചോദിച്ചറിയുകയും അവരുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യും. വികസിത് ഭാരത് സങ്കൽപ് യാത്ര സാധാരണക്കാരുടെ പരിപാടിയാണെന്നും മുരളീധരൻ പറഞ്ഞു.