ഗ്രാമപ്രദേശങ്ങളിൽ സാധാരണയായി തഴച്ചു വളരുന്ന സസ്യങ്ങളിലൊന്നാണ് തകര. ചെറിയ കുറ്റിച്ചെടികളായി വളരുന്ന തകരയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളാണുള്ളത്. നാടൻ പയറുകളെ പോലെ നീളമുള്ള വിത്തുകളാണിവയ്ക്കുള്ളത്. ഉണങ്ങി കഴിയുമ്പോൾ ഇത് കിലുക്കി കുട്ടികൾ കളിക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ നിത്യ കാഴ്ചയാണ്. ആർക്കും ഒരു ശല്യവും വരുത്താതെ വളരുന്ന തകരയെ പലപ്പോഴും നാം വേണ്ട രീതിയിൽ ഗൗനിക്കാറില്ലെന്നതാണ് വാസ്തവം. തകരയിലയുടെ ഗുണങ്ങൾ അറിയാവുന്ന പഴമക്കാർ ഇത് തോരനായും കറി വച്ചുമൊക്കെ കഴിക്കുമായിരുന്നു. എന്നാൽ പുതുതലമുറ എപ്പോഴും ഈ സസ്യത്തെ മാറ്റി നിർത്തുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് ധാരാളമായി തഴച്ചു വളരുന്ന തകരയുടെ ഗുണങ്ങൾ ഇനിയെങ്കിലും പുതുതലമുറ അറിഞ്ഞോളൂ..
ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുന്നതിന് ഉത്തരമമാണ് തകര. ഇവയുടെ ഇലയും വേരും അരച്ച് രോഗമുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ത്വക്ക്രോഗങ്ങൾ ശമിപ്പിക്കുന്നു. തകരയില തോരനായി വച്ചു കഴിക്കുന്നതും കറിയായി വച്ചു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. രക്തശുദ്ധീകരണത്തിനും, വിരശല്യം അകറ്റുന്നതിനും തകരയില ഭക്ഷണത്തിലുൾപ്പെടുത്താം. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ടാർടാറിക് ആസിഡ് എന്നീങ്ങനെ ഒട്ടേറെ രാസ സംയുക്തങ്ങളാണ് തകരയിൽ അടങ്ങിയിരിക്കുന്നത്.
ആയുർവേദത്തിൽ ചർമ്മരോഗം, പിത്തം, കഫം, വാതം തുടങ്ങി പല രോഗങ്ങൾക്കും മരുന്നായി തകര ഉപയോഗിക്കുന്നുണ്ട്. ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ സുഖപ്പെടുത്തുന്നതിനായി തകരയില ആവണക്കയെണ്ണേയാടൊപ്പം അരച്ച് പുരട്ടുന്നത് നല്ലതാണ്. ശ്വാസകോശ രോഗങ്ങൾ തടയുന്നതിനായി തകരയിലയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നതും വയറുവേദന ശമിപ്പിക്കുന്നതിനായി തകരയില ഉണക്കി പൊടിച്ച് കഴിക്കുന്നതും ഫലപ്രദമാണ്.















