ന്യൂഡൽഹി: ഇൻഡി മുന്നണിയെ വീണ്ടും പ്രതിരോധത്തിലാക്കി തൃണമൂൽ കോൺഗ്രസ്. സിപിഎം ഭീകരസംഘടനയാണെന്നും അവരുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും തൃണമൂൽ കോൺഗ്രസ് തയ്യാറല്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സീറ്റ് വിഭജന ചർച്ചയുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണിയിൽ ഉടലെടുത്ത കലഹങ്ങൾ പരിഹരിക്കാൻ നേതാക്കൾ വിയർക്കുന്നതിനിടെയാണ് തമ്മിലടികൾക്ക് ആക്കം കൂട്ടി മമത വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
നോർത്ത് 24 പർഗനാസ് ജില്ലയിലെ ജയ്‌നഗറിൽ മാദ്ധ്യമങ്ങളെ കാണുന്നതിനിടെ ആയിരുന്നു തൃണമൂൽ കോൺഗ്രസിന്റെ നിലപാട് മുഖ്യമന്ത്രി മമത വ്യക്തമാക്കിയത്. ”സിപിഎം ഭീകരസംഘടനയാണ്. അവർ 34 വർഷത്തോളം ജനങ്ങളുടെ ചോരയും മനസും കൊണ്ട് കളിച്ചവരാണ്.” മമത വ്യക്തമാക്കി. സിപിഎമ്മിനെതിരായ ബംഗാളിലെ ചിട്ടിഫണ്ട് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മമതയുടെ പരമാർശം.
കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസ്താവനയിൽ നിന്ന് മമത ഇതോടെ മലക്കം മറിഞ്ഞിരിക്കുകയാണ്. സീറ്റ് വിഭജനം സംബന്ധിച്ച് ബംഗാളിലെ കോൺഗ്രസുമായും ഇടതുപാർട്ടികളുമായും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ഡിസംബർ 19ന് ഡൽഹിയിൽ നടന്ന ഇൻഡി മുന്നണി യോഗത്തിന് ശേഷം മമതാ ബാനർജി പ്രതികരിച്ചിരുന്നു. എന്നാൽ പ്രസ്താവന നടത്തി മൂന്നാഴ്ച പിന്നിട്ടപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ് പാർട്ടി നേതൃത്വം. അതേസമയം ബംഗാളിൽ കോൺഗ്രസുമായി ചർച്ചയ്‌ക്ക് തയ്യാറാണോയെന്ന കാര്യത്തിൽ തൃണമൂൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.