തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി മോഷണം. പുറത്തൂർ കൊടപ്പുള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിലും മുണ്ടത്തികോട് സ്വദേശി സുരേഷിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ നിന്നും പൂജാപാത്രങ്ങളുൾപ്പെടെ അര ലക്ഷം രൂപ വിലപിടിപ്പുള്ള വസ്തുക്കളാണ് കള്ളൻ കവർന്നത്. സുരേഷിന്റെ വീട്ടിൽ നിന്നും അമ്പതിനായിരം രൂപയും ഏഴു പവന്റെ സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്.
സുരേഷും കുടുംബവും മകളുടെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിപൊളിച്ച നിലയിൽ കണ്ടത്. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.