രജനികാന്ത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊങ്കൽ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന രജനികാന്തിന്റെ ക്ലോസ് അപ് ചിത്രവും ആളുകൾക്കിടയിൽ നിന്ന് തോക്ക് മുകളിലേക്ക് ചൂണ്ടി നിൽക്കുന്ന ചിത്രവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
2024-ൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമകളിലൊന്നാണ് ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ. തലൈവർ 170 എന്ന തലക്കെട്ടിലാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ.
വേട്ടയ്യാന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നെടുത്ത ചിത്രം രജനികാന്ത് അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസമാണ് വേട്ടയ്യാന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങിയത്.