തൃശൂർ: പീച്ചി കൂട്ടാലയിൽ വീട് ആക്രമിച്ച് ലഹരിസംഘം. കൂട്ടാലവീട്ടിൽ സെന്തിൽകുമാറിന്റെ വീട്ടിലാണ് ബൈക്കിൽ എത്തിയ സംഘം ആക്രമണം നടത്തിയത്. വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. വീടിന്റെ ജനൽച്ചില്ലുകൾ തല്ലി തകർത്ത ലഹരി സംഘം ആക്രണം നടത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ടു.
ഉറങ്ങി കിടക്കുകയായിരുന്ന സെന്തിൽകുമാറിന്റെയും മകന്റെയും ദേഹത്ത് ജനൽ ചില്ലുകൾ വീണ് പരിക്കേറ്റിട്ടുണ്ട്. അയൽപക്കത്തെ വീടുകളിലും ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധങ്ങളും മറ്റും ഉപയോഗിച്ചാണ് സംഘം ആക്രമണം നടത്തിയത്. സെന്തിലിന്റെ കുടുംബം മണ്ണുത്തി പോലീസിൽ പരാതി നൽകി.