ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി തമിഴകം. ചെന്നൈയിൽ വൻ ജനാരവത്തോടെ മെഗാ റോഡ് ഷോ നടന്നു. പൂക്കളും തോരണങ്ങളുമായി ആയിരക്കണക്കിന് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു. പ്രധാനമന്ത്രിയെ കാണുന്നതിനായി സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേരാണ് റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നാളെയും മറ്റന്നാളുമായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. നാളെ 11 മണിക്ക് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമിയിൽ ദർശനം നടത്തി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ക്ഷേത്രത്തിൽ നടക്കുന്ന രാമായണശ്ലോക പാരായണത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമേശ്വരത്തെത്തുന്ന പ്രധാനമന്ത്രി ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തും. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുക്കും. രാമനാഥസ്വാമി ക്ഷേത്രത്തിൽ വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന ഭജന സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. 21-ന് ധനുഷ്കോടി കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തും.