പാലക്കാട്: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കും. ആസ്ത സ്പെഷ്യൽ പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാത്രി 7.10-ന് പുറപ്പെടും.
അതേസമയം ഫെബ്രുവരിയിൽ കൂടുതൽ സർവീസുകൾ സംസ്ഥാനത്ത് നിന്ന് അയോദ്ധ്യയിലേക്ക് നടത്തുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. 54 മണിക്കൂർ 50 മിനിറ്റ് സമയത്തിനുള്ളിലാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തുന്നത്. സർവീസ് ആരംഭിച്ച് മൂന്നാം ദിവസം പുലർച്ചെ രണ്ട് മണിയോടെ അയോദ്ധ്യയിലെത്തും. മടക്കയാത്ര അന്ന് വൈകുന്നേരം തന്നെ ആരംഭിക്കും.
കോയമ്പത്തൂർ വഴിയാകും പാലക്കാടേക്കുള്ള മടക്കയാത്ര. കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർ പേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഐആർസിടിസി ആപ്പ് മുഖേന ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. തിരുനെൽവേലിയിൽ നിന്നും ഇന്ന് അയോദ്ധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിനിനും കേരളത്തിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.