ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് പിഴയും ശിക്ഷയും ലഭിക്കുന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് അവതരിപ്പിച്ചത്.
യുപിഎസ്‌സി, എസ്എസ്‌സി, റെയിൽവേ, നീറ്റ്, ജെഇഇ, സിയുഇടി എന്നിവയുൾപ്പെടെ വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് പരമാവധി 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമെന്ന് കണ്ടെത്തിയാൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കും. ഒരു കോടിയിൽ കുറയാത്ത പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് കാണിക്കുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും.
ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റൻഡ് കമ്മീഷണർ പദവിയിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരാകണം ഇത്തരം കേസുകൾ അന്വേഷിക്കണ്ടതെന്നും ബില്ലിൽ പരാമർശിക്കുന്നു. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ കേന്ദ്രസർക്കാരിനും അധികാരമുണ്ടാകും. ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ,റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവയുൾപ്പെടെ 20 കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടവയുമാണ് ബില്ലിന് കീഴിൽ വരിക.