മലപ്പുറം: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപോകാൻ നിന്ന യുവാവിന് ലഗ്ഗേജിൽ വച്ച് കഞ്ചാവ് കൊടുത്തുവിടാൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. ഓമാനൂർ സ്വദേശി പികെ ഷമീം(23) ആണ് അറസ്റ്റിലായത്. വിദേശത്തുള്ള മറ്റൊൾക്ക് കൊടുക്കാനെന്ന് പറഞ്ഞാണ് ഷമീം ഇറച്ചിയും മറ്റും അടങ്ങുന്ന പൊതി സുഹൃത്ത് ഫൈസലിനെ ഏൽപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യാത്രക്കുള്ള ലഗേജുകൾ ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ സാധനങ്ങൾ മാറ്റി പാക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് പെട്ടിക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കഞ്ചാവാണെന്ന് ഉറപ്പ് വരുത്തിയപ്പോൾ തന്നെ ഫൈസൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു
ഫൈസലിന്റെ പരാതിയിൽ വാഴക്കാട് പോലീസാണ് ഷമീമിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കടത്ത് സംഘത്തിലെ കൂടുതൽ കണ്ണികളെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.