ആവേശം അതിരുകടന്ന് തിയേറ്ററുകളിൽ പടക്കം പൊട്ടിക്കുന്നതും തീ കത്തിക്കുന്നതും ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ അടുത്തിടെയായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം നടന്നു. 2012-ൽ പുരി ജഗനാഥ് സംവിധാനം ചെയ്ത് പവര്‍ സ്റ്റാര്‍ പവൻ കല്യാൺ നായകനായെത്തിയ തെലുങ്ക് ചിത്രമാണ് ‘ ക്യാമറാമാൻ ഗംഗാതോ രാംബാബു’. ചിത്രം കഴിഞ്ഞ ദിവസം റീ-റിലീസ് ചെയ്തപ്പോൾ നന്ദ്യാലയിലെ തിയേറ്റർ ഉടമയ്ക്കാണ് വൻ നഷ്ടം സംഭവിച്ചത്.
ചിത്രത്തിന്റെ റീ റിലീസ് ആഘോഷിക്കാൻ പവൻ കല്യാണിന്റെ ആരാധകർ തിയേറ്ററിൽ തീ കത്തിക്കുകയായിരുന്നു. ഇത് വൻ പ്രശ്നങ്ങൾക്കായിരുന്നു വഴിയൊരുക്കിയത്. കടലാസിൽ തീ കത്തിച്ചായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
തിയേറ്ററിൽ കടലാസ് കഷ്ണങ്ങൾ കത്തിച്ച ശേഷം ആരാധകർ ശബ്ദമുണ്ടാക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ വീഡിയോയിൽ കണാവുന്നതാണ്. തിയേറ്ററിൽ തീ ആളികത്തിയിട്ടും ആരാധകർ ആഘോഷപ്രകടനങ്ങൾ അവസാനിപ്പിച്ചില്ല. സംഭവത്തിൽ ആരാധകർക്കെതിരെ കേസ് എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
പവൻ കല്യാണിന്റെ ആരാധകർ തിയേറ്ററിൽ പ്രശ്നമുണ്ടാക്കുന്നത് ആദ്യ സംഭവമല്ല. ഇതിന് മുമ്പും ഇത്തരത്തിലെ അക്രമങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം വിജയവാഡയിലെ ഒരു തിയേറ്റർ ആഘോഷത്തിന്റെ ഭാഗമായി ആരാധകർ തകർത്തിരുന്നു. ജോഗുലാംബ ഗഡ്വാളിലെ ഒരു തിയേറ്ററിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.