മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനുള്ളിൽ ആക്രമണവുമായി യുവാവ്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയത്തായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ ഇവിടെ ഉണ്ടായിരുന്ന വിളക്കും പീഠവും അടിച്ച് തകർത്തു. ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന അമൂല്യമായ ആഭരണങ്ങളും അക്രമി നശിപ്പിച്ചു.
പൂജ ചെയ്യുകയായിരുന്ന പൂജാരിമാരേയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരാണ് ഇയാളെ പിടികൂടിയത്. മാനസിക അസ്വാസ്ഥ്യങ്ങൾ കാണിച്ചിരുന്ന ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപും സമാന രീതിയിലുള്ള ആക്രമണങ്ങൾ ഇയാൾ നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. ക്ഷേത്രത്തിൽ ഉണ്ടായത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ഭക്തർ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.