ന്യൂഡൽഹി: അടുത്ത മന്ത്രിസഭയുടെ നൂറ് ദിവസത്തേക്കുള്ള പദ്ധതികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞു.
2024 – 2029 വരെയുള്ള അഞ്ച് വർഷത്തേക്കുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. അടുത്ത വർഷത്തേക്കുള്ള വികസന പദ്ധതികളെ കുറിച്ച് വിപുലമായ ചർച്ചകൾ നടത്താനും പ്രധാനമന്ത്രിയുടെ നിർദ്ദേശമുണ്ട്. മാർച്ച് മൂന്നിന് ഡൽഹിയിൽ സുഷമ സ്വരാജ് ഭവനിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് മന്ത്രിമാരുടെ കൗൺസിൽ യോഗം ചേരും. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്ത്രിതല യോഗമായിരിക്കും ഇത്.
മന്ത്രിതല യോഗത്തിൽ 100 ദിവസത്തേക്കുള്ള പദ്ധതികളുടെ ചർച്ചകളും നടക്കും. നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി എന്നിവരുൾപ്പെടെ വനിതകളാണ് നിലവിൽ കേന്ദ്രമന്ത്രിസഭയുടെ ഭാഗമായിട്ടുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും ചരിത്ര വിജയം നേടാനുള്ള പരിശ്രമത്തിലാണ് ബിജെപി നേതാക്കൾ.