മലയാള രാശിചക്രത്തിലെ പന്ത്രണ്ടാമത്തെ രാശിയായ മീനം രാശിയിൽ സൂര്യൻ സഞ്ചരിക്കുന്ന ഈ കാലം 2024 മാർച്ച് 14 മുതൽ ഏപ്രിൽ 13 വരെയാണ്. മാർച്ച് 14 വ്യാഴാഴ്ച കുംഭം രാശി രാശിയിൽ നിന്നും 14 നാഴിക 35 വിനാഴിക ചെല്ലുമ്പോൾ സൂര്യൻ മീനം രാശിയിൽ ഭരണി നക്ഷത്രത്തിൽ സംക്രമിക്കുന്നു.
അന്നത്തെ ഗ്രഹനില പ്രകാരം, മേടം രാശിയിൽ വ്യാഴവും കന്നി രാശിയിൽ കേതുവും മകരം രാശിയിൽ കുജനും കുംഭം രാശിയിൽ ശുക്രനും ശനിയും മീനം രാശിയിൽ ബുധനും രാഹുവും സഞ്ചരിക്കുന്നു. എന്നാൽ മാസത്തിന്റെ തുടക്കത്തിൽ ചൊവ്വ മകരത്തിൽ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കുന്നു. മാസത്തിന്റെ രണ്ടാം പകുതിയിൽ ബുധൻ നീചരാശിയായ മീനത്തിൽ നിന്ന് മേടത്തിലേക്ക് സംക്രമിക്കുന്നു. ശുക്രൻ മാസത്തിന്റെ രണ്ടാം പകുതിയിൽ ഉച്ചരാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നു.
ചൊവ്വയും ശനിയും ഒരുമിച്ചു വരുന്നു എന്നത് കൊണ്ട് തന്നെ വളരെ ദുർഘടം പിടിച്ച കാലം ആണ് കടന്നു പോകേണ്ടത്. തെരെഞ്ഞെടുപ്പ് അടുത്ത് കൊണ്ട് തന്നെ രാഷ്ട്രീയപരമായി അപ്രതീക്ഷിതമായ വലിയ മാറ്റങ്ങൾ സംഭവിക്കും. ചില പ്രസ്താവനകൾ എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ നൂറ് കൊള്ളുമ്പോൾ ആയിരം എന്ന നിലയിൽ കൈവിട്ടു പോകുന്നത് കാണാം. പ്രകൃതി ക്ഷോഭങ്ങൾക്കും അത് വഴി ദുരന്തന്തിന്നും സാധ്യത ഉണ്ട്. അഗ്നിയാൽ ഉള്ള ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. അപ്രതീക്ഷിമായ പൊടുന്നെ ഉള്ള ചുഴലിക്കാറ്റ് വീശാൻ സാധ്യത ഉണ്ട്. താപനില കണ്ടിട്ടുള്ളതിൽ ഏറ്റവും രൗദ്ര ഭാവത്തിൽ എത്തിയേക്കാം. ചിലയിടങ്ങളിൽ അതിശക്തമായ മഴയും കടൽഷോഭവും ഉണ്ടായേക്കാം. വെള്ളിത്തിരയിലെ നക്ഷത്രം മണ്മറഞ്ഞേക്കാം. സാധാരണക്കാർ അഗ്നിയിൽ നിന്നും ജാഗ്രത പാലിക്കുക.
വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ.
വീണ്ടും അഗ്നിമാരുതയോഗം; 2024 മാർച്ച് 15 മുതൽ ഏപ്രിൽ 23 വരെ; ഓരോ രാശിയുടെയും ഫലങ്ങൾ
ശ്രദ്ധിക്കുക: വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ സമയം ദാമ്പത്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടിരിക്കുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഉള്ള ചെറിയ സംശയം പോലും അനൈക്യം വർദ്ധിപ്പിക്കുകയും അത് ഒരു പക്ഷെ വിവാഹമോചനം വരെ എത്തിയേക്കാം. പുരുഷന്മാർ സ്ത്രീകളുമായി ഇടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അപവാദം കേൾക്കാനും ധനനഷ്ടം സംഭവിക്കാനും അത് വഴി ദുരിതത്തിനും യോഗമുണ്ട്. സർക്കാർ ഇതര കർമ്മ മേഖലയിൽ ക്ലേശം വർദ്ധിക്കാനും സ്ഥാനഭ്രംശത്തിന് വഴി വച്ചേക്കും. എന്നാൽ സർക്കാർ / കരാർ രാർ ജോലിയിൽ ഇരിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മൂത്രാശയ രോഗങ്ങളും നാഡീ പീഡ രോഗങ്ങളും അലട്ടാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മാതാവിനോ മാതൃബന്ധുക്കൾക്കോ രോഗങ്ങളോ കഷ്ടതകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും സന്താന ഭാഗ്യം, ധനലാഭം, കീർത്തി എന്നിവയും ഈ സമയത്ത് ലഭിക്കാൻ സാധ്യതയുണ്ട്.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഈ സമയം ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ നൽകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. പിതാവിന് ക്ലേശകരമായ സമയം ആയതിനാൽ അദ്ദേഹത്തോട് കരുതൽ കാണിക്കുക. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. പണം, ആഭരണം എന്നിവ നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിക്കുക. ബന്ധുജനങ്ങളായി ചില ആശ്വാസരസ്യങ്ങൾ ഉണ്ടാകും. എന്നിരുന്നാലും ചില ബന്ധുക്കളുമായി അടുപ്പം വർദ്ധിക്കും. കുടുംബ സമേതം തീർത്ഥാടനം നടത്താൻ സാധ്യതയുണ്ട്. വിദേശയാത്രയ്ക്കും വിദേശത്തു പുതിയ ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. യുവതി യുവാക്കൾക്ക് നല്ല വിവാഹ യോഗം വരുന്ന സമയമാണിത്. വിവാഹാലോചനകൾ നടത്താൻ അനുയോജ്യമായ സമയം. ചിട്ടി, ലോട്ടറി, മറ്റു നറുക്കെടുപ്പുകൾ മുതലായവയിൽ ഭാഗ്യം കടാക്ഷിക്കും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായ അവസരം വന്നുചേരും. രാഷ്ട്രീയ കാര്യങ്ങളിൽ വിജയം ലഭിക്കും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ മാസം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും, സന്തോഷിക്കാനുള്ള കാര്യങ്ങളും ഉണ്ട്. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുവാൻ അവസരം ഉണ്ടാകും. സൈന്യം, പോലീസ് ഉദ്യോഗത്തിൽ ഇരിക്കുന്നവർക്ക് സ്ഥലം മാറ്റമോ സ്ഥാന ചലനമോ ഉണ്ടാകും. എന്നിരുന്നാലും അഗ്നിബാധ, ഉഷ്ണ രോഗങ്ങൾ, വീഴ്ച, മുറിവ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. പണം, ആഭരണം എന്നിവ സാധാരണയിൽ അധികം ശ്രദ്ധയോടെ കൈകാര്യം ചെയുക. പിതാവിനോ പിതൃ ബന്ധുക്കൾക്കോ ഈ സമയം ക്ലേശകരമായിരിക്കും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സന്താനഭാഗ്യം, വിദേശ ഭാഗ്യം ,വിവാഹ ഭാഗ്യം, അതിലൂടെ ധനലാഭം, എന്നിവ യോഗത്തിൽ ഉണ്ട്. വ്യാപാരികൾക്ക് പ്രവർത്തന മാന്ദ്യം മാറി പുരോഗതി കൈവരിക്കും. സർക്കാർ സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്ക് ഭരണസംവിധാനത്തിലെ ആശയക്കുഴപ്പങ്ങൾ മാറ്റാൻ സാധിക്കും. പ്രധാനമായും ഈ സമയത്തു ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സർവ്വ വിജയം, കീർത്തി, ഭാഗ്യ യോഗങ്ങൾ എന്നിവ ഉണ്ടാവും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ജീവിതത്തിൽ പല പരീക്ഷണങ്ങൾ നടക്കുകയും എന്നാൽ ഈശ്വരാനുഗ്രഹത്താൽ പലതും നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. ഈ സമയത്ത് ക്ഷമയോടെയും സർവ്വത്ര ശ്രദ്ധയോടെയും കാര്യങ്ങൾ ചെയ്യുക. ഈശ്വരനിൽ ശരണം പ്രാപിക്കുക. ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ ഈശ്വരൻ സഹായിക്കും.അമിതമായ കോപം നിയന്ത്രിക്കാതെ വിട്ടാൽ പല കഷ്ടപ്പാടുകളും ഉണ്ടാകാം. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ധനസംബന്ധമായ കേസുകളിൽ ചെന്നുചാടുകയും ചെയ്യും. കുടുംബാംഗങ്ങൾ അനിഷ്ടം പ്രകടിപ്പിക്കും. പുതിയ വീട് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭാര്യയുടെയോ അടുത്ത ബന്ധുക്കളുടെയോ വിരഹം സംഭവിക്കാം. ചില സാംക്രമിക രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ആരോഗ്യവും ഭക്ഷണവും വളരെ ശ്രദ്ധിക്കുക. വാതരോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് തൊഴിൽ സംബന്ധമായി സ്ഥലം മാറ്റം, സ്ഥാനചലനം എന്നിവ ഉണ്ടാകാം. സ്ത്രീകൾ മൂലം മാനഹാനിയും ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യവഹാരങ്ങളിൽ ഏർപെടുന്നതിനു മുൻപ് നല്ല പോലെ ചിന്തിക്കുക. സൈനികർക്ക് മികച്ച സമയം ആണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ സംഘർഷം നിറഞ്ഞ കാലഘട്ടം തരണം ചെയ്യാൻ ഈശ്വരനിൽ ശരണം പ്രാപിക്കുക. ഇഷ്ടദേവ ദർശനം മുടക്കാതിരിക്കുക. ശത്രുക്കളിൽ നിന്നും ഭയം, വ്യവഹാരങ്ങളിൽ പരാജയം തുടങ്ങിയവ സംഭവിച്ചേക്കാം. സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും അപകടം, അകൽച്ച എന്നിവ വന്നേക്കാം. ചിലർക്ക് ഉറപ്പിച്ച വിവാഹം നടക്കാൻ താമസമോ, ആ വിവാഹം തന്നെ മാറി പോകാനോ സാധ്യത ഉണ്ട്. മനശാന്തി കുറയുക, അലച്ചിൽ, ഭക്ഷണ സുഖക്കുറവ് എന്നിവയും ഉണ്ടാകാം. സർക്കാർ, അന്യ ജനങ്ങൾ, കുടുംബ ബന്ധുക്കൾ എന്നിവരുമായി കലഹത്തിനും ദോഷഫലത്തിനും സാധ്യതയുണ്ട്. ഈ സമയത്ത് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഭാര്യാഭർത്താക്കന്മാർ തമ്മിലും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിവതും ക്ഷമയോടെ പെരുമാറുക. ഉദര-നേത്ര-ശ്വാസകോശ രോഗങ്ങൾ, ചുമ, അഗ്നിഭയം എന്നിവയും ഈ സമയത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ വിദേശ ജോലിക്കുള്ള അവസരങ്ങൾ വന്നു ചേരും. വിദേശയാത്രക്ക് സാധ്യതയുണ്ടെങ്കിലും അത് അത്ര സുഖകരമായിരിക്കില്ല. ചിലർക്ക് അന്യസ്ത്രീ ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഇപ്പോൾ അത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. എന്നാൽ, ഈ സമയത്ത് വളരെ ചുരുക്കം ചിലർക്ക് സ്ഥാനലബ്ധി, കീർത്തി, ശയന സുഖം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സർവകാര്യ വിജയം, കുടുംബ സുഖം, ധനലാഭം, ശത്രുക്കൾക്ക് ഹാനി, വ്യവഹാരങ്ങളിൽ വിജയം, ഭൂമി ലാഭം, പുതിയ വീട് എന്നിവയും ഈ സമയത്ത് ലഭിച്ചേക്കാം. എന്നാൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ മറവി അനുഭവപ്പെടും. ലഹരി പദാർത്ഥങ്ങളോട് ആസക്തി വർദ്ധിക്കുന്ന കാലം ആണ്. കുടുംബാംഗങ്ങളുമായി സ്വത്തു സംബന്ധമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ചിലർക്ക് പ്രണയത്തിൽ പുരോഗതി ഉണ്ടാകും. അവിവാഹിതർക്ക് അപവാദവും ദുഷ്പേരും കാരണം വിവാഹം നടക്കാൻ താമസം നേരിടാം. ചുരുക്കം ചിലർക്ക് ശത്രുക്കളിൽ നിന്നുള്ള ശല്യം കാരണം ജീവിതം ദുരിതം നിറഞ്ഞതാകും. അനാവശ്യമായ ചീത്ത കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമാകും. അർശസ്സ്, ഉദരരോഗങ്ങൾ എന്നിവ അലട്ടും. എന്നാൽ, ഈ സമയത്ത് രോഗങ്ങൾ ഭേദമായി ശരീരസുഖം ലഭിക്കാൻ സാധ്യതയുണ്ട്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ക്ഷമയോടെയും ശ്രദ്ധയോടെയും കാര്യങ്ങൾ നേരിടാൻ ശ്രമിക്കുക. ദിനവും ഇഷ്ടദേവത ദർശനം നടത്തുന്നത് നല്ലതായിരിക്കും. എന്നാൽ ചുരുക്കം ചിലർക്ക് മാത്രം ശത്രുക്കൾക്ക് ഹാനി, ഉയർന്ന സ്ഥാനമാനങ്ങൾ അപ്രതീക്ഷിതമായി ലഭിക്കും, കുടുംബം, ഭാര്യ, പുത്ര സുഖം എന്നിവ അനുഭവിക്കാൻ സാധിക്കും. ഭൂമി വർദ്ധനവ്, അന്യ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ , ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഒക്കെയും വന്നേക്കാം. എവിടെയും വിജയം, പ്രശസ്തി, മനസ്സന്തോഷം, ധനനേട്ടം, സർക്കാർ ജോലി അഥവാ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന സമയമാണിത്. എന്നിരുന്നാലും പലേ പ്രശ്നനങ്ങളും നേരിടേണ്ടതായി വരും. പ്രത്യേകിച്ച് സന്താനങ്ങളെ കൊണ്ടുള്ള ദുഃഖം. പ്രണയിനികൾക്ക് വിരഹം നിശ്ചയം. കിഡ്നി സ്റ്റോൺ പോലെയുള്ള രോഗങ്ങൾ ഉള്ളവരും വാതരോഗികളും പകർച്ച വ്യാധികൾ പിടിപെടാതെ സൂക്ഷിക്കുക. രോഗാദി ദുരിതങ്ങളാൽ അലട്ടാൻ സാധ്യതയുണ്ട് എങ്കിലും രോഗങ്ങൾ ഭേദമായി ആരോഗ്യം വർദ്ധിക്കും. ശരീരത്തിൽ വീഴ്ച മൂലമോ അപകടം മൂലമോ മുറിവ്/ഒടിവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ സമയത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം അതിനെ തുടർന്ന് മാനസിക പിരിമുറുക്കം കൂടും. തൊഴിലിടങ്ങളിൽ ചിലർക്ക് സ്ഥാനഭ്രംശം വരെ സംഭവിക്കുകയും ചെയ്യും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും പിരിമുറുക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമാപൂർവം കൈകാര്യം ചെയ്യാത്ത പക്ഷം ചില ദമ്പതികൾക്ക് വിവാഹമോചനം വരെ നേരിടേണ്ടി വന്നേക്കാം. ഉദരരോഗം, രക്തസംബന്ധമായ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. കൃഷി, പക്ഷി, മൃഗങ്ങളും മൂലം നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. മാതാവിന് ഈ സമയത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കേസ് വഴക്കുകളിൽ ചിലർ അകപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്യും. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വേണ്ടപ്പെട്ടവരിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടാകാം. സാഹിത്യ സൃഷ്ടികൾക്ക് പ്രചാരവും അംഗീകാരവും ലഭിക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് ആസക്തി കൂടാനും അതിനോട് അനുബന്ധിച്ച പലവിധ രോഗങ്ങളും വന്നു ചേരും. സന്താന ക്ലേശം വർദ്ധിക്കും. ധനഹാനി അനുഭവത്തിൽ വന്നേക്കാം.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ സമയത്ത് നിങ്ങൾക്ക് നല്ല കാര്യങ്ങളും പ്രതിസന്ധികളും ഒരുപോലെ ഉണ്ടാകാൻ സാധ്യതയുണ്ട്. ദൈവാനുഗ്രഹം ലഭിക്കുകയും ജോലിസ്ഥലത്ത് വിജയവും പുരോഗതിയും നേടുകയും ചെയ്യും. ആരോഗ്യവും ശരീര സുഖവും ലഭിക്കും. വീട് വാങ്ങാൻ അനുകൂല സമയം ആണ്. അപ്രതീക്ഷിതമായി ഭാഗ്യം ലഭിക്കുകയും സന്താനങ്ങൾ ഇല്ലാതിരുന്നവർക്ക് ഈ സമയത്ത് സന്താനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ചില പ്രതിസന്ധികളും ഉണ്ടാകാം. സ്ത്രീകൾ മൂലം ധനഹാനി, മാനനഷ്ടം, മാനസികപീഡ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അഹന്ത കാരണം ബിസിനസിൽ നഷ്ടം സംഭവിക്കും. ഭൂമി നഷ്ടം, ഭക്ഷ്യ വിഷബാധ, യാത്രാക്ലേശം, യാത്രകളിൽ ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ലഹരിയിൽ ആസക്തി വർദ്ധിക്കുന്ന കാലം ആണ്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഗുണദോഷ സമ്മിശ്ര കാലം ആണ്. അനാവശ്യമായ വാക്കുകൾ, പ്രസ്താവനകൾ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും. സർക്കാർ ജോലി ലഭിക്കും, സൽസുഹൃത്തുക്കൾ ഉണ്ടാകും, സന്താനങ്ങളുടെ കാര്യത്തിൽ ആശ്വാസം ലഭിക്കും എന്നിവ ഗുണഫലങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ഉന്നതതലങ്ങളിൽ നിന്നോ സർക്കാർ സംബന്ധമായ കാര്യങ്ങളിൽ നിന്നോ ദോഷം സംഭവിക്കാൻ സാധ്യതയുണ്ട്. ശിക്ഷ, പിഴ ഒക്കെയും വന്നേക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. കുടുംബത്തിൽ അഭിവൃദ്ധി, ശരീരസുഖം, ഭക്ഷണ സുഖം, സത്സന്താന ഭാഗ്യം, ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ച എന്നിവ ഉണ്ടാകും. വിവാഹാദി കാര്യങ്ങളിൽ തീരുമാനം ആവുകയും അതിൽനിന്നും ഗുണഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ, ചിലർക്ക് പ്രതിസന്ധികളും ഉണ്ടാകാം. അപകടസാധ്യതകളും നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. അനാവശ്യമായ കൂട്ടുകെട്ടുകൾ നഷ്ടങ്ങൾ ഉണ്ടാക്കും. ചതിയിൽ പെടാതെ സൂക്ഷിക്കുക. ബന്ധുജന ഹാനി സംഭവിച്ചേക്കാം. ശത്രുക്കളിൽ നിന്ന് ദോഷം സംഭവിക്കാൻ സാധ്യതയുണ്ട്.അന്യസ്ത്രീ ബന്ധം ആരോപിക്കപ്പെടാൻ സാധ്യതയുണ്ട്. രോഗാദി ദുരിതം അനുഭവിക്കേണ്ടി വന്നേക്കാം. ഉപയോഗിക്കുന്ന വാക്കുകൾ വളരെയധികം ശ്രദ്ധിക്കുക. അഗ്നിബാധയ്ക്ക് ഇരയായേക്കാം.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
സഹോദരസ്ഥാനത്തുള്ളവർക്ക് വീഴ്ചകൾ ഉണ്ടാകും. പലതരത്തിലുള്ള ചതിയിൽ പെടാനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കൾ കാരണം ദോഷാനുഭവങ്ങൾ ഉണ്ടാവും. തൊഴിൽ പ്രശ്നങ്ങൾ വരികയും മേലധികാരിക്ക് വിശദികരണം നൽകേണ്ടി വരും. ഭാര്യാസുഖക്കുറവ് അനുഭവപ്പെട്ടേക്കും. വാഹനമോടിക്കുന്നവർക്ക് അപകടസാധ്യതകൾ വർദ്ധിക്കും. യാത്ര ചെയ്യുന്ന വാഹനത്തിന് തീപിടുത്തം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ബന്ധുക്കളിൽ നിന്ന് അകൽച്ച, ചിലരുടെ മരണം ഒക്കെയും ഉണ്ടായേക്കാം. ത്വക്ക് രോഗങ്ങൾ ശല്യം ചെയ്തേക്കാം. ശരീരത്തിൽ മുറിവ്, ചതവ്, ഒടിവ് ഒക്കെ ഉണ്ടാകാതെ സൂക്ഷിക്കുക. ബന്ധുക്കളുമായും ഭാര്യാഭർത്താക്കന്മാർ തമ്മിലും അഭിപ്രായവ്യത്യാസവും കലഹവുമുണ്ടാകാതെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. അതേസമയം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സർക്കാരിൽ നിന്നും കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്ക വണ്ണം ഉദ്യോഗം ലഭിക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ മാസം വെല്ലുവിളികൾ നിറഞ്ഞ കാലമാണ്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യതയുണ്ട്. ജലസംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനേട്ടവും ഉന്നതിയും പ്രതീക്ഷിക്കാം. എന്നാൽ, ജലമാർഗ്ഗം ദോഷങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. അനാവശ്യമായ കോപം ദോഷകരമായി ഭവിക്കും. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുക. ഹൃദ്രോഗം, ഉഷ്ണ രോഗങ്ങൾ, ത്വക്ക് രോഗം, അനാവശ്യ ചെലവുകൾ, നേത്രരോഗം എന്നിവയ്ക്കും സാധ്യതയുണ്ട്. ആദായ നികുതി പോലുള്ള കാര്യങ്ങളിൽ നിന്നും ദോഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ കാരാഗ്രഹ വാസം വരെ സംഭവിക്കാം. ഭാര്യാഭർതൃ വിരഹം, സ്ത്രീ സുഹൃത്തുക്കളുമായി തെറ്റിദ്ധാരണ, അപവാദം എന്നിവയും ഈ ദിവസത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. വിദേശയാത്ര, വിദേശത്തെ താമസം, വിദേശത്തെ ജോലി ഒക്കെ സാധ്യത കല്പിക്കുന്നു എങ്കിലും താൽക്കാലികം മാത്രമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V