ന്യൂഡൽഹി: നടി കങ്കണ റണാവത്തിനെതിരായ അശ്ലീല പരാമർശത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ അപകീർത്തി പരാമർശം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
കാരണം കാണിക്കൽ നോട്ടീസാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചിരിക്കുന്നത്. മാന്യമല്ലാത്ത പരാമർശമാണ് സുപ്രിയ നടത്തിയതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ചട്ടലംഘനമാണ് കോൺഗ്രസ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് കാലത്ത് അന്തസ് നിലനിർത്തി സംസാരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു. മാർച്ച് 29നകം നോട്ടീസിന് മറുപടി നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം.
കങ്കണ റണാവത്തിനെ മാണ്ഡിയിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് സുപ്രിയ പങ്കുവച്ചത്. കോൺഗ്രസ് വക്താവ് കൂടിയായ സുപ്രിയക്ക് കങ്കണ മറുപടി നൽകിയതോടെ സംഭവം വലിയ വിവാദത്തിലേക്ക് വഴിവച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം വിവാദങ്ങൾ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സുപ്രിയ ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.