ന്യൂഡൽഹി: ചരക്കുകപ്പലിടിച്ച് ബാൾട്ടിമോറിലെ പാലം തകർന്ന സംഭവത്തിൽ ഇന്ത്യൻ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌ഫോഡ് കോമിക്‌സ്. ലങ്കോട്ടിയിട്ട് അർദ്ധനഗ്നരായി കപ്പലിനുള്ളിൽ നിന്ന് നിലവിളിക്കുന്ന ഇന്ത്യൻ ക്രൂവിന്റെ കാർട്ടൂണാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇവർ പങ്കുവച്ചത്. കാർട്ടൂണിനെതിരെ വ്യാപക വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. അപകട സമയത്ത് അവസരോചിതമായി ഇടപെട്ട ഇന്ത്യൻ ക്രൂവിനെ വംശീയമായി അപമാനിക്കുന്നുവെന്നാണ് വിമർശനം.
അപകടത്തിന് മുമ്പ് ഡാലി കപ്പലിൽ നിന്നുള്ള അവസാനത്തെ ദൃശ്യങ്ങളും റെക്കോർഡിങ്ങും എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഫോക്‌സ്‌ഫോഡ് കോമിക്‌സ് കാർട്ടൂൺ പങ്കുവച്ചത്. കപ്പലിനുള്ളിലേക്ക് ചെളി വെള്ളം ഇരച്ചു കയറുമ്പോൾ തലയിൽ കൈവച്ച് നിലവിളിക്കുന്ന ഇന്ത്യക്കാരാണ് കാർട്ടൂണിലുള്ളത്. ചിലരുടെ തലയിൽ തലപ്പാവും കാണാം. ഇതിനോടൊപ്പം പരസ്പരം പഴിചാരി അസഭ്യം പറയുന്ന റെക്കോർഡിങ്ങും കാർട്ടൂണിൽ ചേർത്തിട്ടുണ്ട്.
Last known recording from inside the Dali moments before impact pic.twitter.com/Z1vkc828TY
— Foxford Comics (@FoxfordComics) March 26, 2024
കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയതോടെ ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പാലം അടയ്‌ക്കാൻ സാധിച്ചതോടെയാണ് അപകടത്തിന്റെ തോത് കുറയ്‌ക്കാനായതെന്ന് വിവാദ കാർട്ടൂൺ ചൂണ്ടിക്കാട്ടി നിരവധി പേർ ഓർമ്മിപ്പിച്ചു. കാർട്ടൂൺ വംശീയ അധിക്ഷേപമാണെന്നും ഗവർണർ പോലും പ്രശംസിച്ച ഇന്ത്യൻ ക്രൂവിനെ പരിഹസിക്കുന്നത് അംഗീകരിക്കാനാകാത്തതാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു.