ന്യൂഡൽഹി: അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരൻ പിടിയിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് പാക് പൗരൻ പിടിയിലായത്. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യ-പാക് അതിർത്തി വേലിയ്ക്ക് സമീപത്ത് നിന്നാണ് യുവാവിനെ ബിഎസ്എഫ് സംഘം കണ്ടെത്തിയത്.
അതിർത്തി പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടതോടെ ബിഎസ്എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. ഇയാൾ എങ്ങനെ ഇന്ത്യയിലെത്തിയതെന്ന് സംബന്ധിച്ച കാര്യത്തിൽ വ്യക്തതയില്ല. ഇയാൾക്കൊപ്പം മറ്റാരെങ്കിലും അതിർത്തി കടന്ന് എത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ അന്വേഷണത്തിനായി പാക് പൗരനെ പഞ്ചാബ് പൊലീസിന് കൈമാറി.