ന്യൂഡൽഹി: വയനാട്ടിൽ ഹൈസ്കൂൾ അദ്ധ്യാപകരുടെ നിയമനം ഉടൻ നടത്തണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി സുപ്രീം കോടതി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനാണ് നിർദ്ദേശം നൽകിയത്. വയനാട്ടിലെ ഹൈസ്കൂൾ മലയാളം അദ്ധ്യാപക നിയമനത്തിൽ ഉത്തരവ് മനഃപ്പൂർവം നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി.
2011 പിഎസ്സി മാർക്ക് ലിസ്റ്റിൽ വന്ന അവിനാശ് പി, റാലി പി.ആർ, ജോൺസൺ ഇവി, ഷീമ എം എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്കൂൾ മലയാളം അദ്ധ്യാപകരായി നിയമിക്കാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അദ്ധ്യാപകരുടെ നിയമനം മനഃപ്പൂർവ്വം നടപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ മാസം 10നകം ഉത്തരവ് നടപ്പിലാക്കണം. അല്ലാത്തപക്ഷം പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.