കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസിന് ഹൈക്കോടതി അനുമതി. രാവിലെ 7.30 മുതൽ 10.30 വരെ വരെ ക്ലാസ് നടത്താം. കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) കലണ്ടർ പ്രകാരമല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അനുമതി.
എന്നാൽ അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് ഭാവിയിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ അബ്ദുൾ ഹക്കിം എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ, കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള തുടങ്ങിയവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രക്ഷകർത്താക്കളുടെ സമ്മതമുണ്ടെങ്കിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിയായില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്.