കണ്ണൂർ: പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ മരിച്ച ഷെറിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. ഷെറിലിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പലതവണ ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ സംസ്കാര ചടങ്ങിനെത്തി നേതൃത്വം നൽകിയത്. കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനൻ അടക്കമുള്ളവർ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരിൽ സ്ഫോടനം നടന്നത്. ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്. പത്തോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നു. ഇതിൽ നാല് പേർ അറസ്റ്റിലായി. പിടിയിലായവരെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ആദ്യമേ തള്ളിപ്പറഞ്ഞ് കയ്യൊഴിഞ്ഞു. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ക്രിമിനലുകളാണ് എന്നായിരുന്നു വാദം.
തുടർന്ന് നടന്ന ഷെറിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കെ.പി. മോഹനൻ എത്തിയത് കൂടാതെ ഷെറിലിന്റെ വീട്ടിലേക്ക് സിപിഎം ഏരിയാ കമ്മിറ്റിയംഗം സുധീർ, ലോക്കൽ കമ്മിറ്റിയംഗം അശോകൻ എന്നിവരും എത്തിയിരുന്നു. എന്നാൽ പാർട്ടി നേതാക്കളാരും മരണവീട്ടിൽ സന്ദർശനം നടത്തിയിട്ടില്ലെന്ന വാദമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉന്നയിച്ചത്. മരിച്ചയാൾ ക്രിമിനൽ സംഘത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം തന്നെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ ഷെറിന്റെ വീട്ടിലെത്തിയത്. എന്നാൽ വാർത്ത പുറത്തുവന്നത് സിപിഎമ്മിനെ താറടിച്ചുകാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് പി.ജയരാജനും പ്രതികരിച്ചു.
പാനൂരിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലം സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ സ്ഫോടനത്തിന് ശേഷം നടന്ന പരിശോധനയിലും നിരവധി സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. ബോംബ് നിർമാണത്തെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണത്തിനെതിരെ കടുത്ത വിമർശനവും ഉയരുകയാണ്.















