ഇടുക്കി: വിദേശ വനിതയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ചെക്കൊസ്ലൊവാക്യൻ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 50-കാരനായ പ്രേംകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹമാദ്ധ്യമം വഴി സൗഹൃദം സ്ഥാപിച്ച് കേരളത്തിലെത്തിക്കുകയും വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് വിദേശ വനിതയുടെ പരാതി.
കഴിഞ്ഞ നാല് മാസത്തെ പരിചയമാണ് വിദേശ വനിതയ്ക്ക് പ്രേംകുമാറുമായുള്ളത്. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ യുവതിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും ഇവിടെ എത്തിയ 39കാരിയെ കൊച്ചിയിലേയും ആലപ്പുഴയിലേയും വിവിധ റിസോർട്ടുകളിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് യുവതിയുടെ പക്കലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്ത് ഇയാൾ കടന്നുകളഞ്ഞു. മറ്റാരെയും പരിചയമില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കാൻ സാധിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രേംകുമാറിനെതിരെ കേസെടുത്തതായും ഇയാൾക്കായുള്ള അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.