ഓഹരി വിപണിയിൽ കുതിക്കാൻ അദാനി ഗ്രൂപ്പിൽ നിന്നും മറ്റൊരു കമ്പനി കൂടി. രാജ്യത്തെ എട്ട് പ്രമുഖ വിമാനത്താവളങ്ങളുടെ നിയന്ത്രണാവകാശമുള്ള അദാനി എയർപോർട്സ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ (എഎഎച്ച്എൽ) പ്രാരംഭ ഓഹരി വിൽപനയാണ് (ഐപിഒ) ഗ്രൂപ്പ് പരിഗണിക്കുന്നതെന്നാണ് വിവരം.
മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പുർ, ഗുവഹാത്തി, തിരുവനന്തപുരം, നിർമാണം പുരോഗമിക്കുന്ന നവി മുംബൈ വിമാനത്താവളങ്ങളുടെ പ്രവർത്തനച്ചുമതലയുള്ളത് അദാനി എയർപോർട്സിനാണ്. എഎഎച്ച്എല്ലിന്റെ ഓഹരിക്ക് 1,622 രൂപയാണ് നിലവിൽ കൽപിക്കുന്നതെന്ന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ കാൻറർ ഫിറ്റ്സ്ജെറാൾഡ് വിലയിരുത്തുന്നു. 2028-ഓടെയാകും ഐപിഒ.
നിലവിൽ ഒൻപത് കമ്പനികളാണ് അദാനി ഗ്രൂപ്പിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 20 ലക്ഷം കോടിയോളം രൂപയാണ് ഇവയുടെ സംയോജിത വിപണി മൂല്യം.















