ബ്രിഡ്ജ്ടൗൺ: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ മടങ്ങിവരവ് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. സംഘം ഇന്ന് വൈകീട്ട് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. അടുത്ത 6 മുതൽ 12 മണിക്കൂറിനുള്ളിൽ വിമാനത്താവളം പ്രവർത്തനസജ്ജമാകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ മോറ്റ്‌ലി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മടങ്ങിവരവിൽ വ്യക്തത വന്നത്. ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബാർബഡോസിൽ വിമാനത്താവളങ്ങൾ ഉൾപ്പെടെ അടച്ചിട്ടിരുന്നു.
ടീമിനൊപ്പം സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ബിസിസിഐ ഉദ്യോഗസ്ഥരും കളിക്കാരുടെ കുടുംബങ്ങളും മടക്കയാത്രയിലുണ്ടാകും. ബ്രിഡ്ജ്ടൗൺ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന സംഘം ബുധനാഴ്ച രാത്രി 7.45 ന് ഡൽഹിയിലെത്തുമെന്നാണ് കരുതുന്നത്. ബിസിസിഐ ഇന്ത്യൻ സംഘത്തിന് വൻ വരവേൽപ്പാണ് ഒരുക്കുന്നത്. കളിക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കും. എന്നാൽ പരിപാടിയുടെ സമയക്രമം പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകിരീടം ചൂടിയത്.
ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസിൽ ഞായറാഴ്ച മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ത്യൻ ടീമിന്റെ മടക്കയാത്രയ്‌ക്ക് തടസ്സമായത്.