തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് ഇന്നലെയും ഇന്നുമായി 39 എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശ്ശൂർ റൂറലിലും നാലുവീതവും കേസുകൾ രജിസ്റ്റർ ചെയ്തു.
കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി,കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു.