തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. ഇതോടെ തിരുവനന്തപുരത്ത് രോഗം ബാധിച്ചവരുടെ എണ്ണം നാലായി. കടുത്ത പനിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാക്കൾക്കാണ് ജ്വരം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾക്ക് നേരത്തെ തന്നെ രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പായൽ പിടിച്ച് കിടക്കുന്നതും മൃഗങ്ങളെ കുളിപ്പിക്കുന്നതുമായ ജലാശയങ്ങളിൽ കുളിക്കുകയോ ഇതിലെ വെള്ളം ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. രോഗത്തിന് സ്വയം ചികിത്സ പാടില്ല. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ജാഗ്രത പാലിക്കമമെന്നും അധികൃതർ നിർദേശം നൽകി.
നിലവിൽ രോഗം സ്ഥിരീകരിച്ച നാല് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൂതംകോട് സ്വദേശി അച്ചു (25), അനീഷ് (26), ഹരീഷ്(27), ബോധിനഗർ സ്വദേശി ധനുഷ് (26) എന്നിവരെയാണ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ കുളിച്ച അതിയന്നൂർ പഞ്ചായത്തിലെ കാവിൻകുളത്തിൽ കുളിക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.