ഇംഗ്ലണ്ട് മുൻ മധ്യനിര ബാറ്ററും പരിശീലകനുമായ ഗ്രഹാം തോർപ്പിന്റെ (55) മരണം ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി ഭാര്യ അമാൻഡ. സറേയിലെ റെയിൽവെ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. നാലാം തീയതി രാവിലെയാണ് അദ്ദേഹം ഗുരുതര പരിക്കുകളെ തുടർന്ന് മരണത്തിന് കീഴടങ്ങുന്നത്.
“രണ്ടുവർഷം(2022) മുൻപ് അദ്ദേഹം ഒരു ആത്മഹത്യ ശ്രമത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് അമാൻഡ വ്യക്തമാക്കി. അദ്ദേഹം വിഷാദ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. എന്നാലിത് ഫലം കണ്ടില്ല. അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് വരാനായില്ല. അടുത്തിടെ രോഗം വഷളായി. താൻ ഇല്ലാതാവുന്നതാണ് കുടുംബത്തിന് നല്ലതെന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാകും. അദ്ദേഹമില്ലാത്ത ജീവിതം നമുക്ക് സൃഷ്ടിക്കുന്നത് വലിയൊരു ശൂന്യതയാണ്”—അമാൻഡ ഒരു അഭിമുഖത്തിൽ പറഞ്ഞു.
2022 മാർച്ചിൽ അഫ്ഗാനിസ്ഥാൻ പുരുഷ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചതിന് ശേഷം മുൻ ഇംഗ്ലണ്ട് താരത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇതോടെ ചുമതല ഏറ്റെടുക്കാനായിരുന്നില്ല.1993 മുതൽ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പരിശീലകനാകും മുൻപ് സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം ന്യൂ സൗത്ത് വെയിൽസിൽ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.
ഇടം കൈയൻ ബറ്ററും വലം കൈയൻ ബൗളറുമായിരുന്ന താരം 189 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരുന്നു. സറേ ക്ലബിന്റെ ഇതിഹാസ താരമായിരുന്ന അദ്ദേഹം 2005-ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2013-ൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിലും തോർപ്പ് താത്കാലിക പരിശീലകനായി. സീരിസ് ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കിയിരുന്നു.