മലയാളത്തിൽ യുട്യൂബ് ചാനലുകളിൽ ഫാമിലി വ്ലോഗുകൾക്ക് സ്വീകാര്യത കൂടുതലാണ്. വീട്ടിലെ ദൈനംദിന കാര്യങ്ങൾ മുതൽ വ്യക്തിഗത വിശേഷങ്ങൾ വരെയാണ് ഇതിലെ കണ്ടന്റ്. അത്തരം ഒരു ചാനലാണ് കെഎൽ ബ്രോ ബിജു ഋത്വിക് എന്ന യൂട്യൂബ് ചാനൽ.
കണ്ണൂരിൽ നിന്നുള്ള കെഎൽ ബ്രോ ബിജു ഋത്വിക് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കേരളത്തിലെ നമ്പർ വൺ ചാനലി മാറിയിരിക്കുകയാണ്. അൻപത് മില്യൺ, അഥവാ അഞ്ച് കോടി കടന്നവർക്ക് കിട്ടുന്ന കസ്റ്റമൈസ്ഡ് പ്ലേ ബട്ടനാണ് ബിജുവും കുടുംബത്തിനും ലഭിച്ചത്. ഇതിനോടകം സിൽവർ പ്ലേ ബട്ടനും ഗോൾഡൻ ബട്ടനും ഡയമണ്ട് ബട്ടനും ഇവർ നേടിയിരുന്നു. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ യൂട്യൂബിന്റെ സിഇഒ ആണ് പ്ലേ ബട്ടൺ നൽകിയത്. ക്രിസ്റ്റലിൽ പ്രത്യേകം കസ്റ്റമൈസ് ചെയ്ത് ഉണ്ടാക്കുന്ന മനോഹരമായ പ്ലേ ബട്ടനാണ് 50 മില്യൺ കടക്കുമ്പോൾ ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇനി ഇവരുടെ ഒരു യുട്യൂബ് ചാനൽ വീഡിയോയ്‌ക്ക് നാൽപതിനായിരം രൂപ വരെ ലഭിക്കും.
സ്വകാര്യ ബസ് ഡ്രൈവറായ ബിജുവിന്റെ കുടുംബമാണ് ബിജു ഋത്വിക് ഫാമിലി എന്ന ചാനലിന് പിന്നിൽ പ്രവർത്തിക്കുന്നത് . കണ്ണൂർ കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂർമൊട്ടയിലാണ് ഇവർ താമസിക്കുന്നത്. ബിജു, കന്നഡക്കാരിയായ ഭാര്യ കവി, ബിജുവിന്റെ അമ്മ, മകൻ എന്നിവരാണ് ചാനലിലെ പ്രധാനികൾ. കണ്ണൂർ ഭാഷയിൽ ലളിതമായ ജീവിതം ചിത്രീകരിച്ചാണ് ഇവർ ശ്രദ്ധനേടിയത്.















