അദ്ധ്യാപകദിനത്തിൽ പ്രൈമറി സ്കൂൾ ഓർമകളുടെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. തനിക്കുള്ളിലെ സംഗീതത്തെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച റോസി ടീച്ചറെക്കുറിച്ചാണ് വേണുഗോപാലിന്റെ കുറിപ്പ്. സംഗീത ലോകത്തെ തന്റെ ആദ്യത്തെ ആരാധികയും സ്പോൺസറുമെന്ന് രണ്ടാം ക്ലാസിൽ പഠിപ്പിച്ച റോസി ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു.
ക്യുട്ടിക്കുറ ടാൽക്കം പൗഡറിന്റെയും കാച്ചിയ എണ്ണയുടെയും മണമാണ് ടീച്ചറിന്റെ സാന്നിധ്യം അറിയിക്കുന്നതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു അച്ചടക്കത്തിന്റെയും അനുസരണയുടേയും പാഠഭേദങ്ങൾ ആദ്യമായി ഹൃദിസ്ഥമാക്കിത്തന്ന ആൾരൂപമാണ് റോസി ടീച്ചർ. സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലീഷ് ക്ലാസ്സുകളുടെ അവസാനം ഒരഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ ടീച്ചർ വേണു ഇവിടെ വന്ന് നിന്ന് ക്ലാസ്സിന് വേണ്ടി ഒരു പാട്ട് പാടുമെന്ന് തന്നോട് ആജ്ഞാപിക്കും. മുഖം ഉയർത്തി ടീച്ചറെ നോക്കി പാടിപ്പാടി തന്റെ മനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തിയായി ടീച്ചർ മാറി എന്ന് വേണുഗോപാൽ പറഞ്ഞു.
വർഷാവസാനം റോസി ടീച്ചർ വീടിനടുത്തുള്ള ഗവ: സ്കൂളിലേക്ക് മാറിപ്പോയപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞ കുട്ടികളിൽ ഒരാൾ താനായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. പിന്നീട് ടീച്ചറെ കാണുന്നത് ഗുരുവായൂർ കൗസ്തുഭം ഹാളിലെ തന്റെ വിവാഹ ചടങ്ങിൽ വച്ചാണ്. ടീച്ചറിന്റെ “എടാ വേണൂ” എന്ന ഒരൊറ്റ വിളിയിൽ താൻ വീണ്ടും 2 A യിലെ ജി. വേണുഗോപാലായി മാറിയെന്നും അന്ന് തന്നെക്കാൾ പൊക്കം കുറഞ്ഞ ടീച്ചറിനെ ചേർത്തുനിർത്തി “അപ്പൊ ഇത്രയേ ഉള്ളു അല്ലെ പൊക്കം എന്ന് ചോദിച്ചുവെന്നും വേണുഗോപാൽ ഓർക്കുന്നു. തന്റെ കുഞ്ഞുമനസിലെ ഏറ്റവും പൊക്കമുള്ള വ്യക്തിയാണ് ടീച്ചറെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. റോസി ടീച്ചറോടൊപ്പമുള്ള ചിത്രവും വേണുഗോപാൽ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.