ആലപ്പുഴ: കടവന്ത്രയിൽ നിന്ന് കാണാതായ വയോധിക സുഭദ്രയുടേത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ ശർമിള, മാത്യൂസ് ദമ്പതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഒളിവിലാണ്. വയോധികയുടെ അടുത്ത പരിചയക്കാരിയാണ് ശർമിള.
ശർമിള ഉഡുപ്പി സ്വദേശിയാണ്. ശർമിളക്കൊപ്പമാണ് സുഭദ്ര കടവന്ത്രയിലെ വീട്ടിൽ നിന്ന് കലവൂരിലേക്ക് പോയതെന്ന് ഡിവൈഎസ്പി മധുബാബു പറഞ്ഞു. ഓഗസ്റ്റ് 4 നാണ് സുഭദ്രയെ കാണാതാകുന്നത്. മകനാണ് അമ്മയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് കലവൂരിലെ ദമ്പതികളുടെ വീട്ടിൽ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
സുഭദ്രയുടെ പക്കൽ പണവും സ്വർണവും ഉണ്ടായിരുന്നു. അതിനാൽ കവർച്ചയ്‌ക്കായുള്ള കൊലപാതകമെന്നാണ് സംശയം. മൃതദേഹത്തിൽ ആഭരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഒളിവിൽ പോയ ദമ്പതികൾക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.