വിയറ്റ്നാമിൽ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു .ജനജീവിതം തകിടം മറിച്ച ചുഴലിക്കാറ്റ് തുടർച്ചയായ മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കഴിഞ്ഞ ശനിയാഴ്ച ചുഴലിക്കാറ്റ് കരയിൽ സ്പർശിക്കുമ്പോൾ അത് മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലായിരുന്നു.
വിയറ്റ്നാമിൽ വളരെ തിരക്കേറിയ ഒരു പാലവും അതിൽ യാത്ര ചെയ്തിരുന്ന വാഹനങ്ങളും നദിയിലേക്ക് പതിക്കുന്ന ഭീതിദമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ഫു തോ പ്രവിശ്യയിലെ ഫോങ് ചൗ പാലമാണ് തകർന്നത്. ഇതിനെ തുടർന്ന് 13 പേരെ കാണാതായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
WARNING – disturbing footage.
In Vietnam, at least 13 people fell into the Hồng (Red) River after part of Phong Châu Bridge in Phú Thọ was swept away by floodwaters. About 10 vehicles and two motorbikes fell in. Rescue efforts are hindered by fast currents following Typhoon… pic.twitter.com/TUZSnL5EIe— Volcaholic 🌋 (@volcaholic1) September 9, 2024
സെപ്തംബർ 9 തിങ്കളാഴ്ച രാവിലെയാണ് വടക്കൻ വിയറ്റ്നാമിലെ ഫു തോ പ്രവിശ്യയിലെ 375 മീറ്റർ നീളമുള്ള ഫോങ് ചൗ പാലം യാഗി ചുഴലിക്കാറ്റ് കാരണം തകർന്നത്. അപകടത്തിൽ മോട്ടോർ ബൈക്കുകളും കാറുകളും ഉൾപ്പെടെ കുറഞ്ഞത് 10 വാഹനങ്ങളെങ്കിലും ചുവന്ന നദിയിലേക്ക് വീഴാൻ കാരണമായി. പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും നില നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം നടക്കുന്നു. പാലം പുനഃസ്ഥാപിക്കുന്നതിനായി ഒരു പോണ്ടൂൺ പാലം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
കാവോ ബാങ് പ്രവിശ്യയിൽ 20 പേരുമായി ഒരു യാത്രാ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. തടസ്സപ്പെട്ട റോഡുകളും കനത്ത മഴയും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഫാം മിൻ ചിൻ അടിയന്തര സഹായം പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനത്തിൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൈന്യത്തിന് നിർദേശം നൽകുകയും ചെയ്തു. കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലെ വ്യാവസായിക മേഖലകളിൽ കാര്യമായ തടസ്സം സൃഷ്ടിച്ചു, വ്യാപകമായ വൈദ്യുതി മുടക്കവും ഫാക്ടറികൾക്ക് കേടുപാടുകളും സംഭവിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വടക്കൻ പ്രദേശങ്ങളിൽ 208 മുതൽ 433 മില്ലിമീറ്റർ വരെ മഴ ലഭിച്ചതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുമെന്ന് വിയറ്റ്നാം കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
പാശ്ചാത്യ അന്തർ ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ശക്തമായ കാറ്റും തിരമാലകളും കാരണം 30 കപ്പലുകൾ മുങ്ങിയിട്ടുണ്ട്. കൊടുങ്കാറ്റ് ഏകദേശം 3,300 വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും വടക്കൻ വിയറ്റ്നാമിൽ 120,000 ഹെക്ടറിലെ (296,500 ഏക്കർ) വിളകളെ നശിപ്പിക്കുകയും ചെയ്തു.