തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ സെനറ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ച് കൂട്ടയടി. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി അങ്കണത്തിലും സെനറ്റ് ഹാളിലും തമ്മിലടിച്ചു. പൊലീസുകാർ നോക്കുക്കുത്തിയായി. 15 ബാലറ്റ് പേപ്പറുകള്‍ കാണാതായതോടെ തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. ബാലറ്റുകൾ മോഷ്ടിച്ചെന്ന് ഇരുപക്ഷവും പരസ്പരം പഴിചാരി. രജിസ്ട്രാറെ കൂട്ടുപിടിച്ച് കെ.എസ്.യു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ആർഷോയാണ് സംഘർഷത്തിന് മുന്നിൽ നിൽക്കുന്നതെന്ന് കെ.എസ്.യു പറഞ്ഞു. ചാനൽ കാമറയും ആക്രമണത്തിൽ തകർന്നു.
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു. സെനറ്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ കെ.എസ്.യു വിജയിച്ചു. റിസര്‍വേഷന്‍ സീറ്റുകളിലാണ് കെ.എസ്.യുവിന്റെ ജയം. ഇത് അട്ടിമറിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ സംഘർഷത്തിന് തുടക്കമിട്ടത്. സെനറ്റ് ഹാളിൽ കുടുങ്ങിയ കെ.എസ്.യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയെന്ന് ആരോപണം ഉയർന്നു.
ഏറ്റുമുട്ടലൊഴിവാക്കാൻ ഇടയ്‌ക്ക് നിന്ന പൊലീസിനെ സാക്ഷിയാക്കിയാണ് ഇരുവിഭാഗവും പോർവിളി നടത്തിയത്. ഡെസ്ക്കും ബെഞ്ചും കസേരയുമാണ് സംഘർഷത്തിന് ആയുധങ്ങളായത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളിന് പുറത്തിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ വിജയിച്ച സീറ്റുകളിലുള്ള ആഹ്‌ളാദപ്രകടനം നടത്താൻ പടക്കവും പൊട്ടിച്ചു.