മുംബൈ: വരാനിരിക്കുന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടു. ആകെയുള്ള 288 സീറ്റുകളിൽ 151 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കും. ശേഷിക്കുന്ന സീറ്റുകളിൽ ശിവസേനയും എൻസിപിയും ജനവിധി തേടുന്നതാണ്.
99 പേരടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 13 പേരും വനിതകളാണ്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റ് സീറ്റിൽ നിന്ന് മത്സരിക്കും. മഹാരാഷ്‌ട്ര സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ കാംതിയിൽ നിന്നാണ് വോട്ടുതേടുക. മഹാരാഷ്‌ട്ര വനംമന്ത്രി സുധീർ മുഗന്തിവാർ ബല്ലാർപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. നിരവധി പുതുമുഖങ്ങൾക്കും പട്ടികയിൽ അവസരം ലഭിച്ചിട്ടുണ്ട്.
നവംബർ 20നാണ് മഹാരാഷ്‌ട്രയിൽ തെരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും. ഭാരതീയ ജനതാ പാർട്ടി, ശിവസേന, എൻസിപി (അജിത് പവാർ) എന്നീ മുന്നണികൾ അടങ്ങുന്ന മഹായൂതി സഖ്യമാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ഏറെ രാഷ്‌ട്രീയ നാടകങ്ങൾക്ക് വേദിയായിട്ടുള്ള മഹാരാഷ്‌ട്രയിൽ ഭരണം നിലനിർത്തുക എന്നതാണ് ബിജെപി-ശിവസേന-എൻസിപി സഖ്യത്തിന്റെ വെല്ലുവിളി. എതിർപക്ഷത്ത് ശിവസേനയുടെ ഉദ്ധവ് പക്ഷവും എൻസിപിയുടെ ശരദ് പവാർ പക്ഷവും കോൺഗ്രസും ഒന്നിച്ച് കളത്തിലിറങ്ങും.















