കശ്മീർ: ശ്രീനഗറിലെ ഖന്യാർ മേഖലയിൽ കഴിഞ്ഞ ദിവസമാണ് ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ പാക് ഭീകരനും ലഷ്‌കർ ഇ ത്വയ്ബ കമാൻഡറുമായ ഉസ്മാനെ വധിച്ചത്. ലോക്കൽ പൊലീസിന്റെയും സെൻട്രൽ റിസർവ് പൊലീസിന്റെയും സഹകരണത്തോടെയാണ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഭീകര വിരുദ്ധ ഓപ്പറേഷനിൽ ബിസ്‌കറ്റുകളും ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന രസകരമായ വിവരമാണ് ഇപ്പോൾ സൈന്യം പുറത്ത് വിടുന്നത്. ഉസ്മാനെതിരായ ഓപ്പറേഷനിടെ മേഖലയിലെ തെരുവുനായ ശല്യം സൈനികർക്ക് മുന്നിൽ ഒരു വലിയ വെല്ലുവിളിയായി വരികയായിരുന്നു. ബിസ്‌കറ്റുകൾ നായകൾക്ക് കൊടുത്താണ് ഈ പ്രശ്‌നത്തെ അവർക്ക് മറികടക്കാൻ കഴിഞ്ഞത്.
ഖന്യാറിൽ ജനവാസമേഖലയിലെ ഒരു കെട്ടിടത്തിൽ ഉസ്മാൻ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം ഇവിടെ എത്തുന്നത്. പ്രദേശവാസികളുടെ സുരക്ഷ ഉൾപ്പെടെ മുൻനിർത്തിയാണ് സൈന്യം ഓരോ ഘട്ടത്തിലേയും പദ്ധതികൾ ആവിഷ്‌കരിച്ചത്. പരമാവധി നാശനഷ്ടങ്ങൾ കുറച്ചുകൊണ്ട് തന്നെ പദ്ധതി വിജയകരമാകണമെന്ന് ഉറപ്പിച്ചതോടെയാണ് ഓപ്പറേഷൻ ഒൻപത് മണിക്കൂറിലേക്ക് നീണ്ടത്.
അപ്പോഴും സൈനികർ നേരിട്ട മറ്റൊരു വെല്ലുവിളി തെരുവുനായകളുടെ സാന്നിധ്യമായിരുന്നു. സൈനികരെ കണ്ട് തെരുവുനായകൾ കുരച്ചാൽ നീക്കം അവതാളത്തിലാകും. അതുകൊണ്ട് തന്നെ നായകൾ അടുത്തെത്തുമ്പോൾ അവ ശബ്ദമുണ്ടാക്കാതിരിക്കാനും, അവയെ ഇണക്കാനും വേണ്ടി വലിയ ബിസ്‌കറ്റ് ശേഖരവും ഒരുക്കിയിരുന്നു. പിന്നാലെ പുലർച്ചെയുള്ള പ്രാർത്ഥനകൾ നടക്കുന്നതിന് മുൻപ് തന്നെ സൈനിക ഉദ്യോഗസ്ഥർ 30 വീടുകൾ ചേർന്ന ഒരു മേഖല വളയുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ സൈന്യവും ഉസ്മാനുമായി ഏറ്റുമുട്ടൽ ആരംഭിച്ചു. എകെ47, പിസ്റ്റളുകൾ, ഗ്രനേഡുകൾ തുടങ്ങിയ ഉസ്മാൻ സുരക്ഷാ സേനയ്‌ക്കെതിരെ പ്രയോഗിച്ചു. ഗ്രനേഡുകൾ പൊട്ടിത്തെറിച്ച് തീ പടർന്നെങ്കിലും, സൈന്യത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ കൂടുതൽ ഇടങ്ങളിലേക്ക് ഇവ പടരാതെ നിയന്ത്രണവിധേയമാക്കി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഉസ്മാനെ സൈന്യം വധിച്ചത്. നാല് സൈനികർക്ക് പരിക്കേറ്റുവെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കശ്മീർ താഴ്‌വരയെ കുറിച്ച് ഉസ്മാന് നല്ല ധാരണയുണ്ടെന്നും, 2000ത്തിൽ ഭീകര സംഘടനയിൽ ചേർന്ന ഇയാൾ പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.