മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചുകയറി അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ചോളം വാഹനങ്ങളിലാണ് ടിപ്പർ ഇടിച്ചത്. അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.
ഓട്ടുപാറ കുറുമ്പാടിക്കോട്ട് സ്വദേശി അഷ്‌റഫ് (52) സഹോദരന്റെ മകൻ നിയാസ് (29) എന്നിവരാണ് മരിച്ചത്. ഇവർ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ടിപ്പറിടിച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കരിങ്കല്ലുമായി വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിലിടിച്ചു. കാർ ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. കാർ സമീപത്തുണ്ടായിരുന്ന ഓട്ടോയിൽ ഇടിച്ചതിനെത്തുടർന്ന് ഓട്ടോ വയലിലേക്ക് മറിഞ്ഞു . ടിപ്പർ കടകൾക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന മറ്റ് മൂന്നോളം വാഹനങ്ങളിലും ഇടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.