കൊച്ചി: വഖ്ഫ് ഭൂമി കൈവശം വെച്ചുവെന്ന് ആരോപിച്ചുളള കേസ് ഹൈക്കോടതി റദ്ദാക്കി. വഖ്ഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
മുനമ്പത്ത് ഉൾപ്പെടെ വഖ്ഫ് അധിനിവേശത്തിനെതിരെ പ്രതിഷേധം നടത്തുന്നവർക്ക് പ്രതീക്ഷയേകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. 2013 ലെ വഖ്ഫ് ഭേദഗതിക്ക് മുൻപ് തന്നെ ഈ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖ്ഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
വഖ്ഫ് ബോർഡിന്റെ പരാതിയിലാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി 2017 ൽ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്തത്. 2013 ലെ വഖ്ഫ് നിയമഭേദഗതിയുടെ മറപിടിച്ചായിരുന്നു ബോർഡിന്റെ നീക്കം. ഇത് ചോദ്യം ചെയ്താണ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.















