കൊല്ലം: മദ്യലഹരിയിൽ സ്‌കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം നൽകി. 59 ദിവസങ്ങൾക്ക് ശേഷമാണ് അജ്മലിന് ജാമ്യം ലഭിച്ചത്. മനപൂർവ്വമായ നരഹത്യ ഉൾപ്പെടെയുള്ള കേസുകളാണ് അജ്മലിനെതിരെ ചുമത്തിയിരിക്കുന്നത്.
സെപ്റ്റംബറിൽ മൈനാഗപ്പളളിയിൽ വച്ചായിരുന്നു സംഭവം. തിരുവോണ ദിവസം കടയിൽ നിന്ന് സാധനം വാങ്ങി സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ കാർ സ്‌കൂട്ടർ യാത്രികയായ കുഞ്ഞുമോളെ ഇടിച്ചിട്ടത്. കുഞ്ഞുമോളെ ഇടിച്ചിട്ടതിന് പിന്നാലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടി കാർ മുന്നോട്ട് എടുക്കാൻ ആവശ്യപ്പെട്ടതായും സാക്ഷി മൊഴിയുണ്ടായിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെയാണ് രണ്ടാമതും കാർ കയറ്റിയിറക്കിയത്.
നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് കാർ മുന്നോട്ടെടുത്തതെന്നായിരുന്നു അജ്മലിന്റെ മൊഴി. ലഹരി വസ്തുക്കൾ വിറ്റ സംഭവത്തിൽ അജ്മലിനെതിരെ പൊലീസ് നേരത്തെയും കേസെടുത്തിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന ശ്രീക്കുട്ടിയെ അപകടത്തിന് ശേഷം മാനേജ്മെന്റ് പുറത്താക്കിയിരുന്നു.