കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ നായകനെ തേടുന്നതിനിടെ ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേര് റെക്കോർഡ് തുകയ്‌ക്ക് ടീമിലെത്തിയ വെങ്കിടേഷ് അയ്യറുടേതാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു സർപ്രൈസ് താരം കൊൽക്കത്തയെ നയിക്കുമെന്നാണ് സൂചന. അത് മറ്റാരുമല്ല, അജിൻക്യ രഹാനയാണ്. ഐപിഎൽ മെഗാലേലത്തിൽ ആദ്യ റൗണ്ടിൽ അജിൻക്യ രഹാനയെ വാങ്ങാൻ ആരുമുണ്ടിയിരുന്നില്ല. എന്നാൽ രണ്ടാം തവണയെത്തിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത അടിസ്ഥാന വിലയായ 1.50 കോടിക്ക് ടീമിലെത്തിക്കുകയായിരുന്നു. ആറു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം രഹാന ഒരു ഐപിഎൽ ടീമിനെ നയിക്കുമെന്നാണ് സൂചന.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കാെൽക്കത്ത പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ ആദ്യപേരുകാരൻ രഹാനയാണ്. 23.75 കോടി രൂപയ്‌ക്കാണ് വെങ്കിടേഷ് അയ്യറെ കൊൽക്കത്ത ടീമിലെത്തിച്ചത്. മുൻ നായകനായിരുന്ന ശ്രേയസ് അയ്യറെ 26.75 കോടിക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. വരും സീസണിൽ എന്തായാലും കൊൽക്കത്തയ്‌ക്ക് ഒരു പുതിയ നായകൻ വരും. റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്സിലാണ് രഹാനെ ആദ്യമായി നായകനാകുന്നത്. രാജസ്ഥാൻ റോയൽസിനെ 2018,19 സീസണുകളിൽ നയിച്ചെങ്കിലും പ്ലേ ഓഫ് കാണാൻ സാധിച്ചിരുന്നില്ല. മുഷ്താഖ് അലി ട്രോഫിയിൽ മിന്നും ഫോമിലാണ് രഹാനെ. രണ്ട് അർദ്ധ സെഞ്ച്വറികളടക്കം 133 റൺസ് ഇതുവരെ നേടിയിട്ടുണ്ട്.