ചെന്നൈ: കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ 7 പേരുടെ മൃതദേഹങ്ങളാണ് വൈകിട്ടോടെ കണ്ടെത്തിയത്. ഫെംഗൽ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് പ്രദേശത്ത് കനത്ത മഴ തുടരുന്നത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു തിരുവണ്ണാമലയിൽ ഉരുൾപൊട്ടലുണ്ടായത്. ശക്തമായ മഴയെ തുടർന്ന് ഇന്നലെ നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു. ഏകദേശം 200 രക്ഷാപ്രവർത്തകരാണ് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനായി യന്ത്രസഹായമില്ലാതെ പ്രദേശത്ത് തെരച്ചിൽ നടത്തിയത്. പിന്നീട് ജെസിബികൾ എത്തിച്ചതോടെ രക്ഷാദൗത്യം വേഗത്തിലാക്കുകയായിരുന്നു.
കുന്നിടിഞ്ഞ് പ്രദേശത്തെ രണ്ട് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറകഷ്ണങ്ങളും മണ്ണും പതിച്ചിരുന്നു. ഈ വീടുകളിലുണ്ടായിരുന്നവരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
അതേസമയം തിരുവണ്ണാമലയിലെ മറ്റൊരിടത്തും ഉരുൾപൊട്ടലുണ്ടായി. ആദ്യത്തെ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിന്നും അൽപം മാറിയാണ് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായതെന്നും ആളപായമില്ലെന്നും അധികൃതർ വ്യക്തമാക്കി.
തിരുവണ്ണാമലൈ ജില്ലാ കളക്ടർ ഭാസ്‌കര പാണ്ഡ്യൻ ആയിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യം ഒരു ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. തെരച്ചിൽ തുടരുന്നതിനിടെയാണ് ബാക്കി മൃതദേഹങ്ങളും കിട്ടിയത്. മന്ത്രി ഇവി വേലു സ്ഥിതിഗതികൾ വിലയിരുത്തി.