തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് തുറന്ന കത്തുമായി ആത്മയും മന്ത്രി കെ.ബി ഗണേഷ് കുമാറും. സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാറിന് തുറന്ന കത്തയക്കുകയായിരുന്നു സീരിയൽ സംഘടനയായ ആത്മ.
വെറും കയ്യടിക്ക് വേണ്ടി മാത്രം മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉയർത്തിയ പ്രേംകുമാറിന്റെ നിലപാടിനെയാണ് ആത്മ വിമർശിച്ചത്. സീരിയൽ രംഗത്ത് തിരുത്തലുകൾ വേണമെങ്കിൽ അത് വരുത്താൻ ചലച്ചിത്ര അക്കാദമി ചെയർമാന് കഴിയുമെന്ന് മന്ത്രി കെബി ഗണേഷ്കുമാർ പ്രസിഡന്റായ ആത്മയുടെ ജനറൽ സെക്രട്ടറി പി. ദിനേശ് പണിക്കർ അയച്ച കത്തിൽ പറയുന്നു.
എൻഡോസൾഫാനിസം പ്രസ്താവനയ്‌ക്ക് പിന്നാലെ നടീ നടന്മാർക്ക് പോകേണ്ട ആവശ്യമില്ല. തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാനും നിർവാഹമില്ല. വില കുറഞ്ഞ പ്രസ്താവനകൾക്ക് പകരം മേഖലയെ നന്നാക്കാൻ നിലപാട് സ്വീകരിക്കണമെന്നും പ്രേംകുമാറിന് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു. ആത്മ അംഗങ്ങളുടെ വികാരം താങ്കളെ അറിയിക്കുക എന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ നിർദേശിച്ചതുപ്രകാരമാണ് തുറന്ന കത്തെഴുതുന്നതെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി.
സാധാരണക്കാരായ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് മലയാള സീരിയൽ മേഖല. പെൻഷൻ, പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസ്, ഗ്രാറ്റ്വിറ്റി, ബോണസ് തുടങ്ങി യാതൊരു തൊഴിലുറപ്പുമില്ലാത്ത സീരിയൽ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവനമാർഗത്തിന്റെ മുകളിലാണ് താങ്കളിപ്പോൾ എൻഡോസൾഫാൻ വിതറിയിരിക്കുന്നത്.
സെൻസർഷിപ്പിന് വിധേയമാകാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന ഒറിജിനൽ കണ്ടന്റ് സിനിമകൾ, വെബ് സീരീസുകൾ, യൂട്യബിലെ വിവിധതരം ഉള്ളടക്കങ്ങൾ, റീലുകൾ ചമയ്‌ക്കുന്ന വൈകൃതങ്ങൾ, സ്റ്റേജ് ഷോകളിൽ നടക്കുന്ന ബോഡി ഷേമിങ്ങുകൾ, വർണവർഗ അധിക്ഷേപങ്ങൾ, അവഹേളനങ്ങൾ ഇതൊന്നും താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ? അവിടെയൊന്നും ഇല്ലാത്ത എൻഡോസൾഫാനിസം ചില സീരിയലുകളിൽ ഉണ്ടെന്ന് പറയുമ്പോൾ ഏത് സീരിയൽ ആണെന്ന് വ്യക്തമാക്കേണ്ട ധാർമിക ഉത്തരവാദിത്വം താങ്കളിൽ നിക്ഷിപ്തമാണ്. – കത്തിൽ വിശദമാക്കി.