മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വിജയം ‘വികസിത ഭാരതത്തിലേക്കുള്ള’ മറ്റൊരു ചുവടുവയ്‌പ്പെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മഹാരാഷ്‌ട്രയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ദേവേന്ദ്ര ഫഡ്‌നാവിസിനും നിർമല സീതാരാമൻ അഭിനന്ദനങ്ങൾ അറിയിച്ചു. നിയമസഭാ കക്ഷിയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
” എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ നേതാക്കൾക്കും അഭിനന്ദനങ്ങൾ. ഇത്തവണത്തെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് 14 കോടി ജനങ്ങളുടെ ജനവിധിയാണ്. ഇത് ഭാരതത്തിന് നൽകുന്ന സന്ദേശമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലൂടെയും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലൂടെയും രാജ്യത്തെ പൗരന്മാർ വ്യക്തമായ ജനവിധി നൽകി. ഇത് വികസിത ഭാരതത്തിനുള്ള മറ്റൊരു സന്ദേശം കൂടിയാണ് നൽകുന്നത്.”- നിർമല സീതാരാമൻ പറഞ്ഞു.
മഹാരാഷ്‌ട്രയിലെ ഇരട്ട എഞ്ചിൻ സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. കൃഷി, വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ മേഖലകളും പരിപോഷിപ്പിക്കുന്നതിനായി കൃത്യമായി പ്രവർത്തിക്കണമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
ഇൻഡി മുന്നണിയുടെയും കോൺഗ്രസിന്റെയും ഭരണത്തിൽ അസംതൃപ്തരായ ജനങ്ങളാണ് മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് വീണ്ടും ഊഴം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ കോൺഗ്രസിന് എക്കാലവും സാധിച്ചിട്ടില്ല. എന്നാൽ മഹായുതി സഖ്യം തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ പ്രയത്‌നിക്കുമെന്നും ജനങ്ങളുടെ ക്ഷേമമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ വൈകിട്ട് 5 നാണ് ചടങ്ങുകൾ നടക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗം ഐക്യകണ്‌ഠേന ഫഡ്‌നാവിസിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു.