ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡൽ അംഗീകരിക്കാൻ പാകിസ്താൻ മുന്നോട്ട് വച്ച ഉപാധികൾ ഐസിസി തള്ളിയേക്കും. ബിസിസിഐ എതിർപ്പ് പ്രകടപ്പിച്ചതോടെയാണ് തീരുമാനം. അടുത്ത വർഷം ഫെബ്രുവരി-മാർച്ചിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കേണ്ടത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് പാകിസ്താൻ ഹൈബ്രിഡ് മോഡലിന് വഴങ്ങിയത്. ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി പാകിസ്താന് പുറത്തേക്ക് പോകുമെന്ന നിലയിൽ കാര്യങ്ങളെത്തിയിരുന്നു.
ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ടൂർണമെന്റുകളിൽ പാകിസ്താൻ എത്തില്ല എന്നതായിരുന്നു ആദ്യത്തെ ഉപാധി. 2031 വരെ ഹൈബ്രിഡ് മോഡൽ വേണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ബിസിസിഐ ഇതിനെ തള്ളി പാകിസ്താന് ടീമിന് ഇന്ത്യയിൽ സുരക്ഷാ ഭീഷണി ഇല്ലെന്ന് വ്യക്തമാക്കി. ഇന്ത്യയെയും പാകിസ്താനെയും വേവ്വേറെ ഗ്രൂപ്പുകളിലാക്കുന്ന കാര്യവും ഐസിസി തള്ളിയെന്നാണ് സൂചന. പിസിബി പ്രതിനിധികളടക്കം പങ്കെടുത്ത ചർച്ചയിലാണ് ഉപാധികൾ ബിസിസിഐ തള്ളിയത്.